സാംസ്‌കാരിക വിശേഷങ്ങള്‍

വിദ്യാര്‍ത്ഥിനിയെ ട്രക്കിടിച്ചു കൊലപ്പെടുത്തിയ പ്രതിക്ക് വേണ്ടിയുള്ള തിരച്ചല്‍ ഊര്‍ജിതപ്പെടുത്തി

പി. പി. ചെറിയാൻ 2017-11-13 11:08:59am

ന്യൂയോർക്ക് : ലോണ ഐലന്റിൽ ഇന്ത്യൻ വംശജയും ഡന്റൽ ഡോക്ടർ വിദ്യാർത്ഥിനിയുമായ തരൺജിത് പാർമറിനെ(18) ട്രക്ക് കയറ്റി കൊലപ്പെടുത്തിയ പ്രതിക്കുവേണ്ടിയുള്ള തിരച്ചിൽ പൊലീസ്  ഊർജ്ജിതപ്പെടുത്തി. ഡ്രൈവറെ കണ്ടെത്തുന്നതിന് പൊതുജനത്തിന്റെ സഹകരണം പൊലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.

പാർമർ ഓടിച്ചിരുന്ന ജീപ്പിൽ മറ്റൊരു ട്രക്ക് വാനിടിച്ചതിനെ തുടർന്ന് ഇരു വാഹനങ്ങളും തൊട്ടടുത്തുള്ള ഗ്യാസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടു. പാർമർ ജീപ്പിൽ നിന്നും ഇറങ്ങി ജീപ്പിനുപറ്റിയ കേടുപാടുകൾ പരിശോധിക്കുന്നതിനിടയിൽ  ട്രക്ക് ഡ്രൈവർ പാർമറെ ഇടിച്ചിട്ട ശേഷം അതിവേഗം ഓടിച്ചു പോകുകയായിരുന്നു.

ജീപ്പിൽ നിന്നും ഇറങ്ങി മാതാവിനെ ഫോണിൽ വിളിച്ചു സംസാരിക്കുന്നതിനിടയിലാണ് ട്രക്ക് ഡ്രൈവർ വാഹനം മുന്നോട്ടെടുത്തത്.

ജീപ്പിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ലായിരുന്നുവെന്നും ഇത്രയും ചെറിയ  അപകടത്തിൽ പാർമറുടെ ജീവൻ നഷ്ടപ്പെടുത്തിയതിന് ഉത്തരവാദിയായ ഡ്രൈവറെ എത്രയും വേഗം കണ്ടെത്തുമെന്നും  നവംബർ 10ന് നാസ്സു കൗണ്ടി പൊലീസ് ഡിപ്പാർട്ട്മെന്റ് വക്താവ് വിൻസന്റ് ഗാർസിയ പറഞ്ഞു. അഡൽഫി യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയായ പാർമറിനു തലക്കും ശരീരത്തിനും കാര്യമായ പരുക്കേറ്റിരുന്നു. നാസ്സു യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.