സാംസ്‌കാരിക വിശേഷങ്ങള്‍

നോര്‍ത്ത് കാരലൈനയില്‍ വെടിവയ്പ്പ് ; ഇന്ത്യന്‍ വംശജന്‍ കൊല്ലപ്പെട്ടു

പി. പി. ചെറിയാൻ 2017-11-13 11:12:58am

ഫെയ്റ്റി വില്ലി : നോർത്ത് കരോലിനാ സംസ്ഥാനത്തെ ഫെയ്റ്റി വില്ലിയിലെ ക്ലബിലുണ്ടായ വെടിവെപ്പിൽ ഇന്ത്യൻ അമേരിക്കൻ വംശജൻ ആകാശ് തലാതി (40) കൊല്ലപ്പെടുകയും നാലു പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി പൊലീസ് ഡിറ്റക്ടീവ് ജമാൽ ലിറ്റിൽ ജോൺ പറഞ്ഞു. വെടിവച്ചു വെന്നു പറയപ്പെടുന്ന ഡെവിറ്റിനും വെടിയേറ്റു ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.

നവംബർ 11 ശനിയാഴ്ചയായിരുന്നു സംഭവം. ക്ലബിൽ ബഹളം വച്ചതിനെ തുടർന്ന് സെക്യൂരിറ്റി ഗാർഡ് പിടിച്ചു പുറത്താക്കിയ മാർകിസ് ഡെവിറ്റ് (23) പുറത്തു പാർക്ക് ചെയ്തിരുന്ന കാറിൽ നിന്നും തോക്കെടുത്തു തിരിച്ചു വന്ന് ഗാർഡിനെ വെടിവക്കുകയായിരുന്നു. സമീപത്തു നിന്നിരുന്ന ആകാശിന്റെ ശരീരത്തിൽ ഒന്നിലധികം വെടിയുണ്ടകൾ ഏറ്റതായി  പൊലീസ് പറഞ്ഞു.

ആകാശിനെ കേപ ഫിയർ വാലിമെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെടിയേറ്റ ഒരാളുടെ പരിക്ക് അൽപം ഗുരുതരമാണെങ്കിലും  മറ്റുള്ളവരുടേത് നിസ്സാര പരുക്കാണെന്നും  പൊലീസ് പറഞ്ഞു. ആകാശ് ഗുജറാത്തിൽ നിന്നാണ് അമേരിക്കയിൽ എത്തിയത്. പ്രതി മാർകീസ് ഡെവിറ്റിനെതിരെ വധശ്രമത്തിന് കേസ്സെടുത്തിട്ടുണ്ട്.

സംഭവത്തെ മന്ത്രി സുഷമ സ്വരാജ് അപലപിക്കുകയും  കുടുംബത്തിന് ആവശ്യമായ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.