Cinema

ഒടിയന്റെ ടീസർ പുറത്തിറങ്ങി

2017-12-13 12:31:55pm

മാസങ്ങൾ നീണ്ട ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് 30കാരൻ മാണിക്യനായി മോഹൻലാൽ അവതരിച്ചു. വണ്ണം പകുതി കുറച്ച് പ്രായത്തിന്റെ യാതൊരു ലാഞ്ചനയും ഇല്ലാതെ തികച്ചും ചെറുപ്പക്കാരാനായി തന്നെയാണ് ലാലേട്ടൻ ഒടിയന്റെ ടീസറിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

തന്റെ ഫെയ്സ്ബൂക് പേജിലൂടെയാണ് ഒടിയൻ മാണിക്യന്റെ രൂപമാറ്റം കാണിക്കുന്ന ടീസറുമായി ലാലേട്ടൻ എത്തിയത്. മുറുക്കിചുവപ്പിച്ച ചുണ്ടും ക്‌ളീൻ ഷേവ് ചെയ്ത മുഖവുമായി മുപ്പതുകാരൻ മാണിക്യനായാണ് മോഹൻലാൽ എത്തിയത്. ടീസർ പ്രത്യക്ഷപ്പെട്ട് നിമിഷങ്ങൾക്കകം തന്നെ ആരാധകർ ഇത് നെഞ്ചിലേറ്റി കഴിഞ്ഞു.

'കാലമേ നന്ദി കഴിഞ്ഞു പോയ ഒരുപാടു വർഷങ്ങളെ ഇങ്ങനെ തോൽപ്പിക്കാൻ സാധിച്ചതിനു. എന്റെയും തേങ്കുറിശ്ശിയുടെയും സംഭവബഹുലമായ കാലഘട്ടത്തിൽ എന്നെ വീണ്ടും എത്തിച്ചതിനു.. ഈ മാണിക്യൻ, ഒടിയൻ മാണിക്യൻ ഒരുങ്ങി കഴിഞ്ഞിരിക്കുന്നു. ഇനിയാണ് കളി അപ്പൊ തുടങ്ങാം അല്ലെ.' മാണിക്യൻ പറയുന്നു.

ടീസർ വന്ന് നിമിഷങ്ങൾക്കകം തന്നെ ലൈക്കും ഷെയറും കമന്റുകളുമായി ആരാധകർ എത്തി. ലാലേട്ടന് ജയ് വിളികളുമായി പുതിയ മേക്ക് ഓവർ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ആർക്കും അത്ഭുതം തോന്നുന്ന മാറ്റം തന്നെയാണ് ലാലേട്ടൻ കാഴ്ചവെച്ചിരിക്കുന്നത്.