ഇവരെ അറിയാം

ശ്രദ്ധ, സ്നേഹം, സാമീപ്യം: ഗണേഷ് നായര്‍ "അവര്‍ക്കൊപ്പം"

പി. ശ്രീകുമാര്‍ 2017-12-14 11:12:50am

ജോലിക്കൊപ്പം ഉപരിപഠനവും ലക്ഷ്യമിട്ട് ന്യൂയോര്‍ക്കിലെത്തിയ പത്തനാപുരം കാരന്‍ ഗണേഷ് നായര്‍ ആദ്യം അടുത്തറിഞ്ഞ അമേരിക്കന്‍ യുവാവിനെ ഒരിക്കലും മറക്കില്ല. മാസ്റ്റേഴ്സിനു പഠിക്കുമ്പോള്‍ സഹപാഠിയും അയല്‍വാസിയുമായിരുന്നു എന്നതുമാത്രമല്ല. ഊര്‍ജ്ജസ്വലതയും തന്നോടുള്ള സ്നേഹപ്രകടനങ്ങളുമായിരുന്നു കാരണം. ഗണേഷിന്റെ പ്രഭാത സവാരികളില്‍ തന്റെ ഇഷ്ടനായ്ക്കൊപ്പം യുവാവും പതിവായി. രാജ്യസ്നേഹം മൂത്ത് സഹപാഠി പട്ടാളത്തില്‍ ചേര്‍ന്നതോടെ  ആ സ്നേഹ ബന്ധത്തിന് താല്‍ക്കാലിക വിരാമം. 

അവിചാരിതമായി ഒരുദിവസം സുഹൃത്തിനെ വീണ്ടും കണ്ടു. വീടിനുമുന്നില്‍ കസേരയിലിരിക്കുന്നു. അഭിവാദ്യം ചെയ്തിട്ട് പ്രത്യഭിവാദ്യം ഇല്ല. സാധാരണ കാണുമ്പോള്‍ ഓടിവന്ന് കെട്ടിപ്പിടിച്ച സ്നേഹപ്രകടനം നടത്തുന്ന ആള്‍. കസേരയില്‍നിന്ന് എഴുന്നേല്‍ക്കുന്നേയില്ല. എന്തു പറ്റി എന്നു സംശയിച്ചാണ് അടുത്ത് ചെന്നത്.  അഭിമാനിയും ആത്മധൈര്യശാലിയുമായിരുന്ന സുഹൃത്തിന്റെ ഇരു കണ്ണുകളില്‍ നി്ന്നും കണ്ണീര്‍ വാര്‍ന്നൊഴുകുന്നു. അന്വേഷിച്ചപ്പോഴാണ് ദയനീയമ സത്യങ്ങള്‍ മനസിലാക്കുന്നത്. 

ഇറാഖിലെ യുദ്ധമുഖത്തു നിന്നു തിരുച്ചെത്തിയത് വികലാംഗനായി. വരുമാനം നിലച്ച് ചികിത്സയുടെ ഭാരം കൂടിയപ്പോള്‍ സ്വന്തമായി ഉണ്ടായിരുന്ന വീട് നഷ്ടപ്പെട്ടു. ആത്മാര്‍ത്ഥമായി സ്നേഹിച്ചിരുന്ന ഭാര്യ വിട്ടുപിരിഞ്ഞു. എന്നും കൂട്ടായി ഉണ്ടായിരുന്ന വളര്‍ത്തു നായ പോലും എങ്ങോ പോയ് മറഞ്ഞു. ആരും തിരിഞ്ഞുനോക്കാത്ത സാഹചര്യത്തില്‍ പരസ്പര സഹായമില്ലാതെ ജീവിക്കാനാവാത്ത അവസ്ഥ. ആരോടും സംസാരിക്കാന്‍ പോലും കഴിയുന്നില്ല. പോസ്റ്റ് ട്രുമാറ്റിക് സ്റ്റെട്രസ് ഡിസോര്‍ഡര്‍ എന്ന  ദയനീയമായ അസുഖാവസ്ഥയിലായിരുന്നു സുഹൃത്ത്.  മുറിവേറ്റോ അംഗവൈകല്യമോ വലിയ ദുരതങ്ങളോ സംഭവിച്ചാല്‍ ശേഷമുണ്ടാകുന്ന ദുരവസ്ഥ..
സുഹൃത്തിന്റെ ദുരവസ്ഥ ഇക്കാര്യത്തില്‍ കൂടുതല്‍ പഠനം നടത്താന്‍ ഗണേഷിനെ പ്രേരിപ്പിച്ചു. ഭീതിതമായ സാമൂഹ്യ പ്രശനമാണിതെന്ന തിരിച്ചറിവാണിത് നല്‍കിയത്.  ദുഃസ്വപ്നങ്ങളിലൂടെ ജീവിക്കുക എന്നതാണ് പ്രത്യേകത. വെറുപ്പും വിദ്വേഷവും ആക്രമണോത്സുകതയും നിറഞ്ഞ മാനസിക രോഗാവസ്ഥയിലേക്ക ഇത്തരക്കാര്‍ മാറും.. യഥാവിധം ശ്രദ്ധയും സ്നേഹവും  കരുതലും ഉണ്ടെണ്ടെങ്കില്‍  മറികടക്കാന്‍ കഴിയു അവസ്ഥയാണിതെന്നും മനസ്സിലാക്കി. ഇക്കാര്യത്തില്‍ ബോധവര്‍ക്കരണത്തിന് എന്തി മാര്‍ഗ്ഗം എന്നു ചിന്തിച്ചപ്പോളാണ്  ഷോട്ടഫിലിം എന്ന ആശയം ഉണ്ടായത്. 

ഇതിനിടയില്‍, പരിചരിക്കാന്‍  എട്ടു മിനിറ്റു വൈകിയതിനാല്‍ രോഗി മരിച്ചതിന് രണ്ട്  കഴിയേണ്ടിവന്ന രണ്ട് മലയാളി നഴ്സുമാരുടെ വിവരം അറിയുന്നത്. രോഗികളെ പരിചരിക്കുന്നതിനുള്ള അനുപാതം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍  ജോലിയിലെ പിരിമുറുക്കം. ജയില്‍ ജീവിതം.  ഇതൊക്കെ കൊണ്ടെത്തിച്ചിരിക്കുന്നത് പോസ്റ്റ് ട്രുമാറ്റിക് സ്റ്റെട്രസ് ഡിസോര്‍ഡര്‍ എന്ന മനോരോഗത്തിലേക്കാണെന്ന് മനസ്സിലാക്കാന്‍  താമസ്സമുണ്ടായില്ല. ഷോര്‍ട്ട് ഫിലിം മുഴുവന്‍ ചിത്രത്തിലേക്കു വഴി മാറി. 'അവര്‍ക്കൊപ്പം' എന്ന സിനിമ പിറവി അവിടെയാണ്.

ഗണേഷ് നായര്‍  സംവിധാനം ചെയ്യുന്ന ചിത്രം ഏറെ പ്രത്യേകതയുള്ളതാണ്. അമേരിക്കയില്‍ ചിത്രീകരിച്ച അമേരിക്കന്‍ മലയാളികള്‍മാത്രം  അഭിനയിച്ച ചിത്രം എന്നതാണ് പ്രധാനം. ഭാവനയില്‍ വിരിഞ്ഞ സാങ്കല്പിക കഥയ്ക്കു പകരം പച്ചയായ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ വരച്ചുകാട്ടുന്നു. അടുത്തമാസം  ലോകമെമ്പാടും റിലീസ് ചെയ്യുന്ന സിനിമയുടെ കഠിനാധ്വാനത്തിന്റെ വിയര്‍പ്പുമണവും അര്‍പ്പണബോധത്തിന്റെയും ആത്മാര്‍ത്ഥതയുടെയും പ്രതിഫലനങ്ങള്‍ ഉളവാക്കുന്നതായിരിക്കും

 പോസ്റ്റ് ട്രുമാറ്റിക് സ്റ്റെട്രസ് ഡിസോര്‍ഡര്‍ ബാധിച്ചവരെ ശ്രദ്ധ, സ്നേഹം, സാമീപ്യം എന്നിവയിലൂടെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ സാധിക്കുമെന്ന്  സിനിമ പ്രേക്ഷകരെ ബോധ്യപ്പെടുത്തുന്നു. അമേരിക്കയില്‍ കുടിയേറിയ മൂന്നു കുടുംബങ്ങളിലുണ്ടായ സംഭവവികാസങ്ങളിലൂടെയാണ് കഥ സഞ്ചരിക്കുന്നത്.  ഓരോ കുടുംബത്തിലും സംഭവിക്കുന്ന പ്രശ്നങ്ങളെ ശ്രദ്ധ, സ്നേഹം, സാമീപ്യം എന്നിവയിലൂടെ എങ്ങനെ നേരെയാക്കാമെന്നാണ് സിനിമ കാണിച്ചുതരുന്നു. പ്രവാസി  കുടുംബങ്ങള്‍ അഭിമുഖീകരിക്കുന്ന ധാരാളം കാര്യങ്ങള്‍ പ്രേക്ഷകര്‍ക്കുമുന്നിലെത്തും.

സിനിമ യാഥാര്‍ത്ഥ്യമാക്കുന്നതിന് സഹിക്കേണ്ടി വന്ന ബുദ്ധിമുട്ടുകള്‍ ഏറെയാണെന്ന് ഗണേഷ് നായര്‍ പറയുന്നു.  'അമേരിക്കയില്‍ സിനിമ ഷൂട്ടിംഗ് എളുപ്പമില്ല. തൊട്ടതിനും പിടിച്ചതിനും ഒക്കെ ബന്ധപ്പെട്ടവരുടെയും സിറ്റി ടൗണ്‍ഷിപ്പുകളുടെയും വ്യക്തമായ അനുമതികളും ഓര്‍ഡറുകളും വേണം. ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമ്പോള്‍ കടുത്ത മഞ്ഞായിരുന്നു. എട്ട് മുതല്‍ 12 ഇഞ്ച് വരെ മഞ്ഞ് പെയ്ത്കിടക്കുമ്പോള്‍ വളരെ ദുഷ്‌ക്കരമായ കാലാവസ്ഥയില്‍ ഏറെ കഷ്ടപ്പെടേണ്ടിവന്നു. കഷ്ടപ്പെട്ട് മുന്‍കൂട്ടി അനുമതി വാങ്ങി ഷൂട്ടിംഗ് ആരംഭിക്കുമ്പോള്‍ പ്രതികൂലകാലാവസ്ഥ പ്രശ്നമാകും. വീണ്ടും അനുമതി ലഭിച്ചുകഴിയുമ്പോഴേക്കും ഷെഡ്യൂള്‍ മുടങ്ങും.ഷൂട്ടിംഗ് അനന്തമായി നീണ്ടുപോയതിനാല്‍ അമേരിക്കയിലെ ഏതാണ്ട് നാലു കാലാവസ്ഥാ സീസണുകളും ചിത്രീകരണത്തിന് ഉപയോഗിക്കേണ്ടിവന്നു. സാങ്കേതിക വിദഗ്ദരും മറ്റ് ജോലിചെയ്യുന്നവരായതിനാല്‍  ശനിയും ഞായറുമായിരുന്നു  ഷൂട്ടിംഗ്.  52 ആഴ്ചയോളം വേണ്ടി വന്നു ചിത്രീകരണം പൂര്‍ത്തീകരിക്കാന്‍.' ഗണേഷ് നായര്‍ പറഞ്ഞു.

കമ്പ്യൂട്ടര്‍ പ്രഫഷണല്‍ എന്ന നിലയില്‍ നിന്ന് സിനിമയിലേക്ക് കാല്‍വയ്ക്കകുന്നത് വളരെ യാദൃശ്ചികമയാണ്. ചെറുപ്പം മുതലെ കണ്ടു വളര്‍ന്ന സിനിമ തന്നെ സംബന്ധിച്ച് ഒരു മായാലോകമാണ്. സിനിമയെപ്പോലെ തന്റെ ആശയങ്ങള്‍ ജനഹൃദയങ്ങളിലേക്ക് എത്തിക്കാന്‍ പറ്റിയ മറ്റൊരു മാധ്യമില്ലെന്ന് നന്നായി അറിയാമായിരുന്നു. അതുകൊണ്ടു സിനിമ എന്ന  മാധ്യമത്തിലൂടെ  സമൂഹത്തിനുവേണ്ടി ഒരു നല്ലകാര്യം ചെയ്യാന്‍ കഴിഞ്ഞാല്‍ അതില്‍പ്പരം  ജീവിത്തതില്‍ നിറവേറ്റാന്‍ കഴിയുന്ന മറ്റൊന്നുമില്ലെന്ന്  മനസിലാക്കുന്നുവെന്നും ഗണേഷ് പറഞ്ഞു.

 അമേരിക്കയില്‍ ധാരാളം പൊതുപ്രവര്‍ത്തനം നടത്തിയിട്ടുള്ള തനിക്ക് പോസ്റ്റ് ട്രുമാറ്റിക് സ്റ്റെട്രസ് ഡിസോര്‍ഡര്‍  വിഷയത്തെക്കുറിച്ച് പഠിച്ചപ്പോള്‍ ലോകത്താകമാനം ഇത്തരം ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവരെ സഹായിക്കണം എന്നു തോന്നി. ആ നിലക്ക് ഉത്തരവാദിത്വത്തിലെന്ന നിലയിലും സമൂഹത്തിലുള്ള മറ്റുള്ളവരുടെ കൂടി ഉത്തരവാദിത്വമെന്ന നിലയിലുമാണ് സിനിമ ചെയ്യാന്‍ പുറപ്പെട്ടത്. അത്ഭുതകരമായ സഹകരണവും പിന്തുണയുമാണ്  ലഭിച്ചത്. ന്യൂയോര്‍ക്കിലും പരിസരപ്രദേശങ്ങളിലുമുള്ള ഒരുപാടുപേരുടെ ഈടുറ്റ  പിന്തുണയും സഹകരണവുമാണ് ഇത്രയും വലിയ ഈ പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്. എല്ലാത്തരം പോരായ്മകളും ബുദ്ധിമുട്ടുകളും വ്യാകുലതകളും മാനസികമായി അനുഭവിക്കുന്ന ഒരുപാട് പേര്‍ നമ്മുടെ ചുറ്റുവട്ടങ്ങളിലുണ്ട്. അതെല്ലാം അവരുടെ മാത്രം പ്രശ്നമെന്നു കണ്ട് നാം അവരെ അവഗണിക്കുകയാണ് ചെയ്യാറുള്ളത്. അവരും സമൂഹത്തിന്റെ ഭാഗമാണെന്ന സത്യം മറക്കാതെ ഉത്തരവാദിത്വമുള്ള ഒരു പൗരന്‍ എന്ന നിലക്ക് 'അവര്‍ക്കൊപ്പം' നില്‍ക്കാന്‍ നാം ബാധ്യസ്ഥരാണ്. അതുകൊണ്ടാണ് ഈ സിനിമയിലൂടെ 'അവര്‍ക്കൊപ്പം' നില്‍ക്കാന്‍ ആഗ്രഹിക്കുന്നത് എല്ലാ പ്രേക്ഷകര്‍ക്കും ഈ സിനിമ ഇഷ്ടപ്പെടുമെന്ന് ഉറപ്പാണെന്ന് ഗണേഷ് നായര്‍ അവകാശപ്പെട്ടു. നമ്മുടെ ചുറ്റുപാടുകളിലുണ്ടാകുന്ന പ്രശ്നങ്ങള്‍ നമ്മുടെ ചെറിയ അവഗണനകള്‍ കൊണ്ട് ശ്രദ്ധിക്കാതെ പോകുന്ന ഓരോ പ്രശ്നങ്ങളെയും നമുക്കുതന്നെ എങ്ങനെ പരിഹരിക്കാമെന്നാണ് ചിത്രം കാണിച്ചുതരുന്നത്.ഗണേഷ് നായര്‍ ചൂണ്ടിക്കാട്ടി.

കൊല്ലം പത്തനാപുരത്ത് ഗണേഷ് ഭവനില്‍ അധ്യാപക ദമ്പതികളായ ഗോപാലകൃഷ്ണ്‍ നായരുടേയും ശാന്തമ്മയുടേയും മൂത്ത പുത്രനായ ഗണേഷ് ഒന്നര പതിറ്റാണ്ടായി അമേരിക്കയിലാണ്. ന്യൂയോര്‍ക്ക് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റില്‍ കമ്പ്യൂട്ടര്‍ നെറ്റ്വര്‍ക്ക് സ്പെഷ്യലിസ്റ്റായി ജോലി ചെയ്യുന്നു. സീനയാണ് ഭാര്യ. ഗോപികയും ഗ്രീഷ്മയും മക്കള്‍. ഫൊക്കാന ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെ വിവിധ സംഘടനകളുടെ ചുമതല വഹിച്ചിട്ടുണ്ട്


OUR SUPPORTERS
* VINCENTÉ JEWELERS   * CEMAT AUTO SERVICES   * BOOK O TRIP   * LAKELAND CRUISE   * KERALA HOUSEBOAT   * FAMILY DENTAL CARE   * VINCENT CYRIAC   * EAST COAST CAPITAL   * CROSS ISLAND REALTYONE INC.   * PROFESSIONAL ACCOUNTING    * GREENPOINT TRAVEL   * KERALA KITCHEN