lekhanam

അന്ന് ആ ക്രിസ്മസ് രാവില്‍

എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ 2017-12-19 04:32:56pm

വഴിവിളക്കുകളില്ലാത്ത, വൈദ്യുതി വെട്ടം വിതറാത്ത ചെമ്മണ്‍ വഴിത്താരകളിലൂടെ നിലാവെളിച്ചമില്ലാത്ത, ഇളംകുളിര്‍ ചൊരിയുന്ന നനുത്ത ഡിസംബര്‍ രാവിന്റെ പ്രശാന്തതയില്‍, ആകാശ നീലിമയില്‍ അങ്ങിങ്ങായി മിന്നുന്ന വജ്രമുത്തുകളുടെ മാസ്മര പ്രഭയില്‍, ഒരു ചൂട്ടുകറ്റയുടെ മുനിവെളിച്ചത്തില്‍ മുതിര്‍ന്നവരും കുട്ടികളുമുള്‍പ്പടെ ഒരു ചെറുസംഘം ക്രിസ്ത്മസ് രാത്രിയില്‍ അകലെയുള്ള ദേവാലയത്തിലേക്ക് ക്രിസ്ത്മസ് ആരാധനയ്ക്ക് പോകയാണ്. അര്‍ത്ഥരാത്രിയിലാണ് ദേവാലയത്തില്‍ ക്രിസ്ത്മസ് ശുശ്രൂഷ ആരംഭിച്ചിരുന്നത്. ചെരുപ്പിടാത്ത കുഞ്ഞിക്കാലുകള്‍ പെറുക്കി ഉറക്കച്ചടവോടെ ചുറുചുറാ നടക്കുന്ന കുട്ടികളുടെ ഉത്സാഹത്തിമിര്‍പ്പ് ആ സംഘത്തിന്റെ ആവേശം തന്നെ ആയിരുന്നു. മൂന്നു നാലു മൈല്‍ നടക്കേണ്ടതിന്റെ ആദ്യപകുതിയിലെത്തി, ചൂട്ടുകറ്റ എരിഞ്ഞു തീരാറായി, ഒരെണ്ണം കൂടി കരുതിയിട്ടുണ്ട്. അതാ ഒരു വലിയ മൂര്‍ഖന്‍ പാമ്പ് റോഡിനു കുറുകെ കിടക്കുന്നു, 'അയ്യോ പാമ്പ്' ചൂട്ടുകറ്റക്കാരന്‍ ഉറക്കെ വിളിച്ചു കൂകി, കുട്ടികളും മുതിര്‍ന്നവരും ആ ഇരുട്ടില്‍ ചിതറിമാറി, ധൈര്യം സംഭരിച്ച് ഞങ്ങളുടെ നേതാവ് കത്തുന്ന ചൂട്ടുകറ്റകൊണ്ട് പാമ്പിനെ കുത്തി, ഭാഗ്യവശാല്‍ ആ പാവം ജീവി ജീവനും കൊണ്ട് വഴിയോരത്തു മറഞ്ഞു, കറ്റയിലെ തീ അണഞ്ഞെങ്കിലും ഞങ്ങളുടെ ആ സംഘം അരണ്ട വെളിച്ചത്തില്‍ ആവുന്നത്ര വേഗത്തില്‍ പള്ളിയിലെത്താനുള്ള ഓട്ടത്തില്‍ കിതച്ചും തളര്‍ന്നും എങ്ങനെയും പള്ളിയിലെത്തിയപ്പോഴേയ്ക്കും, പള്ളിയുടെ പടിഞ്ഞാറു വശത്ത് കുരിശാകൃതിയിലുള്ള കുഴിയിലിട്ട് കുരുത്തോലകള്‍ കത്തിക്കുന്ന സമയമായിരുന്നു, ഓശാനപ്പെരുന്നാളിനു വീട്ടില്‍ കൊണ്ടുപോയിരുന്ന കുരുത്തോലകള്‍ ഞങ്ങള്‍ കുഴിയിലിട്ടു. യേശുകുഞ്ഞു ജനിച്ചപ്പോള്‍ ആകാശത്തു പ്രത്യക്ഷപ്പെട്ട നക്ഷത്രത്തെ സൂചിപ്പിക്കുന്നതാണ് ആ തീജ്വാലയെന്ന് അന്നൊന്നും അറിവില്ലായിരുന്നു. ആ ജ്വാലയുടെ ചുറ്റും നിന്നു തീ കായുന്നതും ഒരാനന്ദമായിരുന്നു. പ്രാര്‍ത്ഥനാ മന്ത്രണങ്ങളുടെ അര്‍ത്ഥമറിയാത്ത ബാല്യത്തില്‍ ലഭ്യമായ ചിട്ടകളും മുടങ്ങാതെ ദേവാലയത്തില്‍ പോകാനുള്ള തീഷ്ണതയും ഇന്നും തുടര്‍ന്നുപോകുന്നതും അന്നത്തെ ശീലം കൊണ്ടു തന്നെയാണ്. തീജ്വാലാ ശുശ്രൂഷയ്ക്കുശേഷം ദേവാലയത്തിനകത്തു കയറുന്നതോടുകൂടി കൊച്ചുകുട്ടികള്‍ തളര്‍ന്ന് ഒരു മൂലയ്ക്കിരുന്ന് ഉറക്കം പിടിച്ചു. എന്റെ ബാല്യകാലത്ത്, മുതിര്‍ന്നവര്‍ക്കു മാത്രമേ പ്രാര്‍ത്ഥനാക്രമ പുസ്തകങ്ങള്‍ ഉണ്ടായിരുന്നുള്ളൂ, കുട്ടികളൊക്കെ കേട്ടുപഠിക്കയായിരുന്നു. നേരം വെളുക്കുന്നതിനു മുമ്പുതന്നെ ഗൃഹനാഥന്‍ എഴുന്നേറ്റ്

'അതിരാവിലെ തിരുസന്നിധിയണയുന്നോരീ സമയേ,
അതിയായ് നിന്നെ സ്തുതിപ്പാന്‍ കൃപയരുള്‍കാ യേശു പരനേ'

എന്ന് ഉച്ചത്തില്‍ ചൊല്ലുമ്പോഴേയ്ക്കും അമ്മ മുതല്‍ ഇളയ കുട്ടിവരെ ഉണര്‍ന്നു വരും. പാതിയുറക്കത്തിലായിരിക്കുന്ന ഇളയ കുട്ടി വരെയും അപ്പന്‍ ചൊല്ലുന്ന പ്രാര്‍ത്ഥന ഉരുവിടും. കുഞ്ഞുങ്ങള്‍ നാലു വയസ്സൊക്കെ ആകുമ്പോഴേയ്ക്കും സന്ധ്യാ പ്രഭാത പ്രാര്‍ത്ഥനകള്‍ അര്‍ത്ഥമറിയില്ലെങ്കിലും ഹൃദിസ്ഥമാക്കിയിരുന്നു. എത്ര പണവും പ്രതാപവുമുള്ള തറവാടാണെങ്കിലും വീടുനിറയെയുള്ള അംഗങ്ങള്‍ക്ക് വെവ്വേറെ കിടക്കമുറികളില്ലായിരുന്നു ആ കാലങ്ങളില്‍. ഉള്ള മുറികളില്‍ തറയില്‍ പായ വിരിച്ചും കട്ടിലുകളിലുമൊക്കെയായി സുഖമായ ഉറക്കം. ചൂടകറ്റാന്‍ ഫാനും എയര്‍കണ്ടീഷ്‌നറുമൊന്നും ഇല്ലായിരുന്നുവെങ്കിലും ജനാലകള്‍ തുറന്നും ഗ്രാമശാന്തിയിലെ ഇളംകാറ്റിന്റെ കുളിര്‍മ്മയിലും, പുറത്തു മഴപെയ്യുമ്പോഴുണ്ടാകുന്ന ആന്ദോളനത്തിന്റെ താരാട്ടിലും രാത്രിയിലെ സുഖനിദ്ര ഒരാനന്ദം തന്നെയായിരുന്നു. അമ്മ വച്ചുണ്ടാക്കുന്ന ഭക്ഷണം ആബാലവൃദ്ധം ആസ്വദിച്ചു ഭുജിച്ചിരുന്നു. മറുചോദ്യമില്ലാതെ തെറ്റുകള്‍ക്കു തക്ക ശിക്ഷ മാതാപിതാക്കള്‍ നല്‍കിയിരുന്നു. വീട്ടിലെ ജോലികള്‍ അവരവരുടെ പ്രാപ്തിയനുസരിച്ചു കുട്ടികള്‍ക്കും വീതിച്ചു നല്‍കിയിരുന്നു.

ക്രിസ്ത്മസ് അടുക്കുമ്പോഴേയ്ക്കും വര്‍ണ്ണക്കടലാസ് ഒട്ടിച്ച് തോരണങ്ങളും വിളക്കുകളും ഉണ്ടാക്കുന്നത് ഓരോ വീട്ടിലെയും ആഘോഷമായിരുന്നു. നക്ഷത്ര വിളക്ക്, പെട്ടിവിളക്ക് മുതലായ പല വര്‍ണ്ണങ്ങളില്‍ തീര്‍ത്ത വിളക്കുകളും കൊടികളുമൊക്കെയായി വീടുകള്‍തോറും കരോളിനു പോകുന്നത് വലിയവര്‍ക്കും കുട്ടികള്‍ക്കും വലിയ ആനന്ദവും ആഘോഷവും തന്നെയായിരുന്നു. പാട്ടുകള്‍ പാടി കല്ലും മലയോരങ്ങളും ചവിട്ടി വളരെ ദൂരങ്ങളില്‍ രാത്രി ഏറെ വൈകുന്നതുവരെയും ചെലവഴിച്ചാലും ക്ഷീണമൊന്നും അറിയില്ലായിരുന്നു. ഒരു ഗ്രാമത്തില്‍ ഒരു ദേവാലയം ഒക്കെയേ ഉണ്ടായിരുന്നുള്ളൂവെന്നതിനാല്‍ ദൂരങ്ങള്‍ താണ്ടിയായിരുന്നു ദേവാലയ യാത്ര. ക്രിസ്ത്മസ് കരോള്‍ സംഘത്തിന് പല വീടുകളിലും കപ്പ, കാച്ചില്‍, ഏത്തയ്ക്കാ ഒക്കെ പുഴുങ്ങിയതും കട്ടന്‍കാപ്പിയും, ചിലര്‍ മറ്റു പലഹാരങ്ങള്‍ ഒക്കെയും കൊടുക്കുമായിരുന്നു. 50-70 ആള്‍ക്കാര്‍വരെയുള്ള കരോള്‍ സംഘം ഭക്ഷണം കഴിച്ച് അല്പം ക്ഷീണമകറ്റി അടുത്ത ഭവനത്തിലേക്കു പോകും. ഞങ്ങളുടെ ഗ്രാമത്തിലെ ആനന്ദനാളുകളായിരുന്നു അവയൊക്കെ. അന്നൊന്നും ഞങ്ങളുടെ ഗ്രാമപ്രദേശത്ത് ക്രിസ്തുമസ് കേക്ക് വാങ്ങാറില്ലായിരുന്നു, അമ്മ കേയ്ക്കുണ്ടാകുന്നതിന് മുതിര്‍ന്ന കുട്ടികള്‍ സഹായിച്ചു. ഓവന്‍ ഒന്നു ഇല്ലായിരുന്നതിനാല്‍ ചിരട്ടക്കരി പാത്രത്തിന് താഴെയും മുകളിലും ഇട്ടു ബേയ്ക്കു ചെയ്യുകയായിരുന്നു പതിവ്. ക്രിസ്തുമസ് രാവിലെ പള്ളിയില്‍ നിന്നു മടങ്ങി വരുമ്പോഴേയ്ക്കും താറാവുകറിയും പാലപ്പവും കേയ്ക്കും ലഭിക്കുമെന്നുള്ള സന്തോഷത്തിലാണ് പള്ളിയില്‍ നിന്നു വീട്ടിലേക്കുള്ള മടക്കയാത്ര.

ഉറക്കച്ചടവോടെയാണെങ്കിലും പ്രഭാതത്തിലെ വീട്ടിലേക്കുള്ള മടക്കയാത്രയ്ക്ക് എന്തുന്മേഷമായിരുന്നു. ചിലപ്പോള്‍ അമ്മയോ പ്രായമായ മകളോ വീട്ടിലുള്ളവര്‍ തിരികെയെത്തുമ്പോഴേയ്ക്കും പ്രഭാതഭക്ഷണമൊരുക്കാനായി വീട്ടിലുണ്ടായിരിക്കും. ക്രിസ്ത്മസിന്റെ നോമ്പുവീടലും വിഭവസമൃദ്ധമായിരുന്നു. സാധാരണ ദിവസങ്ങളിലെ ഭക്ഷണത്തിന് മീനു പച്ചക്കറികളുമാണ് വിഭവങ്ങള്‍, ഇറച്ചി ഞായറാഴ്ചകളിലും വിശേഷ ദിവസങ്ങളിലും മാത്രം സാധാരണക്കാരുടെ ഭക്ഷണ മെനുവില്‍ ഉള്‍പ്പെട്ടിരുന്നു. ക്രിസ്ത്മസ്, വലിയ നോമ്പുവീടല്‍ എന്നീ വിശേഷദിവസങ്ങളില്‍ ഞങ്ങളുടെ ഗ്രാമത്തില്‍ കന്നുകാലികളെ അറുക്കുന്നതും, അതു പങ്കുപങ്കായി വില്‍ക്കുന്നതും ഞങ്ങളുടെ ഗ്രാമത്തിലെ ഒരു സംഭവം തന്നെയായിരുന്നു. ഒരു പങ്ക് എന്നാല്‍ സാധാരണ ഒരു കിലോഗ്രാം എന്ന കണക്കില്‍, പല പങ്കുകളായി ഇറച്ചി പകുത്തു വയ്ക്കും, ഒരു പങ്കിന് രണ്ടും മൂന്നും രൂപയൊക്കെയായിരുന്നു വില. ഒരു കൂലിവേലക്കാരന്‍ പ്രഭാതം മുതല്‍ പ്രദോഷം വരെ പണി ചെയ്താല്‍ കിട്ടുന്ന കൂലി അന്ന് എട്ടണ(അരരൂപ) ആയിരുന്നു. പെണ്ണാളിന് നാലണ. ഫ്രിഡ്ജ് ഒന്നും ഇല്ലാതിരുന്ന ആ കാലത്ത് അന്നന്നു വച്ചുണ്ടാക്കുന്ന ഭക്ഷണം അന്നന്നു തന്നെ കഴിച്ചു തീര്‍ക്കും. ഭക്ഷണത്തിന്റെ പ്രൗഢതയേക്കാള്‍ കുടുംബബന്ധത്തിന്റെ, സാഹോദര്യ-സൗഹൃദബന്ധങ്ങളുടെ കെട്ടുറപ്പും, ഇഴയടുപ്പവും, ദൃഢതയും ഓരോ വ്യക്തിയുടെയും സാമൂഹ്യ സാംസ്‌ക്കാരിക ബന്ധത്തെയും സ്വഭാവരൂപീകരണത്തെയും ബലവത്താക്കി. ഹിന്ദുവും, മുസ്ലീമും, ക്രിസ്ത്യാനിയും, വിഷുവും, ബക്രീദും, ക്രിസ്തുമസും ഗ്രാമത്തിന്റെ തന്നെ പൊതുവായ ഉത്സവങ്ങളായി ആചരിച്ചിരുന്നതിനാല്‍ ആധുനികതയുടെ മാസ്മരികതയിലും വര്‍ണ്ണഭംഗിയില്ലാത്ത ആ പഴയ ദിനങ്ങള്‍ ഓര്‍മ്മയില്‍ വിണ്‍പ്രഭ ചൊരിഞ്ഞുകൊണ്ട് തെളിഞ്ഞുനില്‍ക്കുന്നു.

ഇന്നുമെന്നാത്മാവിനെത്തൊട്ടുണത്തുന്ന-
തെന്നുമെന്‍ ബാല്യത്തിന്‍ സുന്ദരസ്വപ്‌നങ്ങള്‍
എന്നുമെന്‍ ജീവിതം സംഫുല്ലമാക്കുന്ന-
തെന്‍ ബാല്യകാലത്തില്‍ കാലടിപ്പാടുകള്‍.
ഇന്ന് ലോകമെമ്പാടും ക്രിസ്ത്മസിന്റെ വര്‍ണ്ണരാജികളില്‍, സമൃദ്ധിയുടെ താളക്കൊഴുപ്പില്‍ ആനന്ദ നര്‍ത്തനമാടുമ്പോള്‍, വേദനയിലും, ദാരിദ്ര്യത്തിലും, മരണത്തിന്റെ കരിനിഴലിലും നമ്മുടെ സ്വന്തനാട്ടില്‍പ്പോലും നട്ടംതിരിയുന്ന ജനസഹസ്രങ്ങളുടെ ദുഃഖത്തില്‍ വിവിധ തരത്തില്‍ പങ്കാളികളാക്കുവാന്‍ നമുക്കു ബാധ്യതയില്ലേ!!

എല്ലാ മലയാളി സുഹൃത്തുക്കള്‍ക്കും അനുഗ്രഹപ്രദമായ ക്രിസ്തുമസ്- പുതുവത്സരാശംസകള്‍