കൗതുകം

24 വര്‍ഷം സൂക്ഷിച്ച ഭ്രൂണത്തില്‍ നിന്നും കുഞ്ഞിന് ജനനം

പി. പി. ചെറിയാൻ 2017-12-20 01:11:18pm

ടെന്നിസ്സി: 1992 ഒക്ടോബർ 14 മുതൽ മരവിപ്പിച്ചു സൂക്ഷിച്ചിരുന്ന ഭ്രൂണം 26 വയസ്സുള്ള ടിന ഗിബ്സന്നിന്റെ ഗർഭ പാത്രത്തിൽ പൂർണ്ണ വളർച്ചയെത്തി കുഞ്ഞിന് ജന്മം നൽകിയതായി നാഷണൽ എംബ്രിയൊ ഡൊണേഷൻ സെന്റർ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. ആറു പൗണ്ടും ഒമ്പതു ഔൺസുമുള്ള എമ്മ റെൻ എന്ന പെൺ കുഞ്ഞ് (Emma Wren) നവംബർ ഇരുപത്തിയഞ്ചിനാണ് ടെന്നിസ്സി ദമ്പതികളായ ബെഞ്ചമിൻ– റ്റീനാ എന്നിവരുടെ ജീവിതത്തിന് അനുഗ്രഹമായി മാറിയതെന്ന് പത്രക്കുറിപ്പിൽ പറയുന്നു.

ഭ്രൂണം ആരുടേതാണെന്ന് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും എന്നെ സ്നേഹിക്കുന്ന ആരുടേയെങ്കിലും ആകാം എന്നാണ് റ്റീനാ പറയുന്നത്. ഇതിനു മുമ്പു 20 വർഷം പഴക്കമുള്ള ഭ്രൂണത്തിൽ നിന്നും പിറന്ന കുഞ്ഞാണ് റെക്കോർഡിനുടമയായിരുന്നതെങ്കിൽ 24 വർഷം പഴക്കമുള്ള  ഈ ഭ്രൂണമാണ് പുതിയ  റെക്കാർഡ് സൃഷ്ടിച്ചിരിക്കുന്നത്.

ദീർഘകാലം മരവിപ്പിച്ചു സൂക്ഷിച്ചിരുന്ന ഭ്രൂണത്തിൽ നിന്നും ആരോഗ്യമുള്ള ഒരു കുഞ്ഞ് ജനിച്ചു എന്നത് ചരിത്ര നേട്ടമാണെന്ന് നാഷണൽ എംബ്രിയൊ ഡൊണേഷൻ സെന്റർ ലാബ് ഡയറക്ടർ കാരൾ സൊമ്മർ ഫെൽട്ട് അഭിപ്രായപ്പെട്ടു.