പ്രത്യേക ശ്രദ്ധയ്ക്ക്

അമേയം, അനഘം, അമോഘം

ഡോ.ഡി. ബാബുപോള്‍ 2018-01-01 04:19:07pm

പരശുരാമന്‍ മഴു എറിഞ്ഞ് കടലില്‍നിന്ന് വീണ്ടെടുത്തതാണ് കേരളം എന്നത് ഐതിഹ്യമാണെങ്കില്‍ ശ്രീനാരായണന്‍ വാക്കുകള്‍കൊണ്ട് വീണ്ടെടുത്തതാണ് ഇന്ന് നാം കാണുന്ന കേരളം എന്നത് യുക്തിഭദ്രമായ ഒരു വസ്തുതയാണ്.

ആറാട്ടുപുഴ വേലായുധപ്പണിക്കര്‍, വൈകുണ്ഠസ്വാമികള്‍, ചട്ടമ്പിസ്വാമികള്‍, അയ്യങ്കാളി എന്നിവരെയൊന്നും മറന്നിട്ടല്ല ഇത് പറയുന്നത്. ഈഴവ സ്ത്രീകള്‍ മൂക്കുത്തി ഇടരുത് എന്ന നാട്ടുനടപ്പിനെ വെല്ലുവിളിച്ചതും ബ്രാഹ്മണന് ഇതരജാതികളെ അപേക്ഷിച്ച് വൈശിഷ്ട്യം ഇല്ലെന്ന് പ്രഖ്യാപിച്ചതും ഒന്നും ചെറിയ കാര്യം അല്ലല്ലോ.

ശ്രീനാരായണന്‍ ശ്രീനാരായണീയരുടേതാണ് എന്ന പ്രസ്താവന തെറ്റല്ല. എന്നാല്‍ ശ്രീനാരായണീയര്‍ ഏതെങ്കിലും ഒരു ജാതി അല്ല. ഇപ്പോള്‍ പൊതുവെ ഈഴവര്‍ എന്ന അര്‍ത്ഥമാണ് കല്പിക്കപ്പെടുന്നതെങ്കിലും ഈഴവരെല്ലാം ശ്രീനാരായണീയരോ ശ്രീനാരായണീയരെല്ലാം ഈഴവരോ അല്ല; ക്രിസ്തുമതത്തിലെ അംഗങ്ങള്‍ എല്ലാം ക്രിസ്ത്യാനികള്‍ അല്ല എന്നത് പോലെതന്നെ.<യൃ />
എന്തുകൊണ്ടാണ് ശ്രീനാരായണന്‍ ജാതിമത ഭേദങ്ങള്‍ക്ക് അതീതനായി ഇങ്ങനെ നില്‍ക്കുന്നത്? പതിനാറാം നൂറ്റാണ്ടില്‍ മെനെസിസ് മെത്രാന്‍ ഇവിടുത്തെ പ്രാചീനക്രൈസ്തവസമൂഹത്തെ നവീകരിക്കുകയും പല അനാചാരങ്ങളില്‍ നിന്നും മോചിപ്പിക്കുകയും ചെയ്തു. ചട്ടമ്പിസ്വാമികള്‍ വൈദികഹിന്ദുമതത്തിന്റെ അതിരുകള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ആചാരങ്ങളെ ആക്ഷേപിക്കുകയും നിലവിലുള്ള ചിന്തകളെ ശക്തമായി വിമര്‍ശിക്കുകയും ചെയ്തു. അയ്യങ്കാളി തന്റെ സമുദായത്തിനും സമാനസ്ഥിതിയില്‍ ക്‌ളേശം അനുഭവിച്ചിരുന്ന ഇതര സമുദായങ്ങള്‍ക്കും സ്വാഭിമാനത്തിന്റെയും അവകാശബോധത്തിന്റെയും വില്ലുവണ്ടികള്‍ നിര്‍മ്മിച്ചുനല്‍കി. എന്നാല്‍ അവരൊക്കെ ചരിത്രപുരുഷന്മാരായി ഒതുങ്ങിയപ്പോള്‍ ശ്രീനാരായണന്‍ യുഗപുരുഷനും അവതാരപുരുഷനും ആയി. ശ്രീനാരായണനില്‍ അവതാരാംശം ഉണ്ടായിരുന്നതിനാലാണ് ഈ സ്ഥിതി ഉണ്ടായത്.
ഇത് അംഗീകരിക്കാന്‍ ശ്രീനാരായണന്‍ ദൈവം ആണ് എന്ന് പറയേണ്ടതില്ല. ദൈവം സൃഷ്ടി സ്ഥിതി സംഹാരകനാണ്. ഗുരു സൃഷ്ടി സ്ഥിതി സംഹാരകനല്ലല്ലോ. കേരളം കണ്ട ഏറ്റവും വലിയ മഹാനായ ആദിശങ്കരനെ ആരും ദൈവം എന്ന് വാഴ്ത്താറില്ല. മുപ്പത്തുമുക്കോടി ദേവന്മാര്‍ക്കൊപ്പം നാരായണഗുരുവിനെ ഇഷ്ടദേവതയായി അവരോധിച്ച് ആരാധിക്കുന്നതില്‍ തെറ്റ് ലവലേശമില്ല താനും.


ശ്രീനാരായണന്‍ അവതാരപുരുഷനാണ് എന്ന് 'സംഭവാമി യുഗേ യുഗേ' എന്ന രചനയില്‍ ഞാന്‍ എഴുതിയത് ഇപ്പോള്‍ ഓര്‍മ്മവരുന്നു. യദായദാഹി ധര്‍മ്മസ്യ ഗ്‌ളാനിര്‍ഭവതി ഭാരത, അഭ്യുത്ഥാനമധര്‍മ്മസ്യ തദാത്മാനം സൃജാമ്യഹം എന്നാണല്ലോ പ്രമാണം. അവതാരം ആവശ്യമായി വരുന്ന കാലത്താണ് അവതാരപുരുഷന്മാര്‍ പിറക്കുന്നത്. ആദിശങ്കരന്റെ ആവിര്‍ഭാവം അങ്ങനെ ഒരു ചരിത്രസന്ധിയില്‍ ആയിരുന്നു. ശങ്കരന്‍ ബ്രാഹ്മണന്‍ ആയിരുന്നുവെങ്കിലും അദ്ദേഹം ബ്രാഹ്മണരുടെ സ്വകാര്യസ്വത്തല്ല. ദര്‍ശനങ്ങളുടെ പുനരാഖ്യാനത്തിലൂടെ പുതിയ ദര്‍ശനങ്ങളിലേക്ക് വഴി തുറന്നതുകൊണ്ടാണ് ശങ്കരന്‍ യുഗപ്രഭാവനാകുന്നത്. ശങ്കരന് ശേഷം മലയാളമണ്ണില്‍ അങ്ങനെ മറ്റൊരു ജനനം ഉണ്ടായത് ഗുരുദേവന്‍ പിറന്നപ്പോഴാണ്. തുഞ്ചത്താചാര്യനോ ചട്ടമ്പിസ്വാമികളോ മെനെസിസോ അയ്യങ്കാളിയോ ഒന്നും പുതിയ ദര്‍ശനങ്ങള്‍ക്ക് തുടക്കം കുറിച്ചില്ല. നിലവിലുള്ള ചിന്താപദ്ധതികളുടെ ഭാഷ്യങ്ങളും പാഠഭേദങ്ങളും അവയെ അടിസ്ഥാനമാക്കി ഉള്ള അനുഷ്ഠാനവിധികളും ചര്യാശാസ്ത്രങ്ങളും അവതരിപ്പിച്ച അവരൊക്കെ മഹാന്മാര്‍തന്നെ. എന്നാല്‍ ശങ്കരനെയും ഗുരുദേവനെയും മറ്റുള്ളവരില്‍ നിന്ന് വേര്‍തിരിച്ച് നിറുത്തുന്നത് ജാതിമത ചിന്തകള്‍ക്കതീതമായ ആദ്ധ്യാത്മികദര്‍ശനങ്ങള്‍ രൂപപ്പെടുത്താന്‍ കഴിഞ്ഞവരാണ് അവര്‍ എന്ന സത്യമാണ്.

ഇത്രയും പറഞ്ഞതുകൊണ്ട് തനിക്ക് മുന്‍പ് പറഞ്ഞവരെയെല്ലാം ഗുരു തിരുത്തി എന്നല്ല അര്‍ത്ഥം. ശ്രീയേശു പറഞ്ഞത് ഓര്‍ക്കാം. യഹൂദനായി ജനിച്ച്, യഹൂദനായി ജീവിച്ച്, യഹൂദനായി മരിച്ച യേശുദേവന്‍ യഹൂദന്യായപ്രമാണങ്ങളെ തള്ളിയില്ല. അവയെ മനുഷ്യോന്മുഖമാക്കി. മനുഷ്യന്‍ ശാബതിനായി സൃഷ്ടിക്കപ്പെട്ട് എന്ന് കരുതിയവരോട് ശാബത് മനുഷ്യനായി സൃഷ്ടിക്കപ്പെട്ടതാണ് എന്ന് പറഞ്ഞുകൊടുത്തു. ഗുരു ചെയ്തതും സമാനമായത് തന്നെ.

ശങ്കരനില്‍ നിന്ന് ഗുരുവിലേക്കുള്ള ദൂരം ജ്ഞാനത്തില്‍ നിന്ന് ദയയിലേക്കുള്ള ദൂരമാണ് എന്ന് പറഞ്ഞുവച്ചത് അഴീക്കോടാണ്. ഈശ്വരന്‍ ശ്രീശങ്കരന് ജ്ഞാനസിന്ധുവാണ്. ശ്രീനാരായണന് ദയാസിന്ധുവും.

ഗുരു പറഞ്ഞിട്ടുള്ള ഒരു സംഗതി ഇവിടെ ഓര്‍മ്മിക്കാം.

അവനിവനെന്നറിയുന്നതൊക്കെയോര്‍ത്താ-
ലവനിയിലാദിമമായൊരാത്മരൂപം;
അവനവനാത്മസുഖത്തിനാചരിക്കു-
ന്നവയപരന്നു സുഖത്തിനായ് വരേണം.

ഇത് സ്വാര്‍ത്ഥത വെടിയാതെ സാദ്ധ്യമാവുകയില്ല. ശ്രീയേശു പഠിപ്പിച്ചതും ഇതാണ്. മോശ ഇസ്രയേലിന് പത്ത് കല്പനകള്‍ നല്‍കി. ഇവയില്‍ ഏതാണ് വലുത് എന്ന് ക്രിസ്തു വിശദീകരിച്ചപ്പോള്‍ വേറെ രണ്ട് കല്പനകളാണ് ഉദ്ധരിച്ചത്. അവ രണ്ടും പുതുതായി ക്രിസ്തു കണ്ടുപിടിച്ചതല്ല. യഹൂദന്മാര്‍ ഉപയോഗിച്ചുവന്ന വേദഗ്രന്ഥത്തില്‍ തന്നെ ഉണ്ടായിരുന്നവയാണ്. എന്നാല്‍ ശ്രീയേശു അവയെ ചേര്‍ത്തുവച്ചു. ഒന്നിനെ മറ്റേതിന് മാനദണ്ഡമാക്കി. ഒന്ന്, ഈശ്വരനെ സര്‍വാത്മനാ സമ്പൂര്‍ണമായി ആരാധിക്കണം. ഇത് പത്തുകല്പനകളുടെ ആദ്യഭാഗത്തിന്റെ പരാവര്‍ത്തനം. രണ്ട്, നീ നിന്നെപ്പോലെ തന്നെ നിന്റെ അയല്‍ക്കാരനെ സ്‌നേഹിക്കണം. ഇത് ശേഷം കല്പനകളുടെ സംക്ഷിപ്തം. അവനവനാത്മസുഖത്തിനാചരിക്കുന്നത് അപരന് സുഖത്തിനായി ഭവിക്കണം. അയല്‍ക്കാരന് ഗുഡ്‌മോണിംഗ് പറഞ്ഞാല്‍ പോരാ. അവനെ നിന്നെപ്പോലെ തന്നെ സ്‌നേഹിക്കണം. നിന്നെപ്പോലെതന്നെ. അതാണ് കീവേഡ്.

ഇപ്പോള്‍ ഓര്‍മ്മ വരുന്നു, ആത്മോപദേശ ശതകത്തിലെ നാല്പത്തിമൂന്നാമത് ശ്‌ളോകം.

പ്രകൃതി പിടിച്ച് ചുഴറ്റിടും പ്രകാരം
സുകൃതികള്‍ പോലുമഹോ ചുഴന്നിടുന്നു
വികൃതി വിടുന്നതിനായി വേല ചെയ്‌വീ-
ലകൃതി ഫലാഗ്രഹമറ്ററിഞ്ഞിടേണം.

പ്രകൃതിക്ക് മനുഷ്യന്‍ വിധേയപ്പെടണം. ശ്രീയേശു ശിഷ്യന്മാരെ പഠിപ്പിച്ച ഒരു പ്രാര്‍ത്ഥന ഉണ്ട്. കര്‍ത്താവ് ഉപയോഗിച്ചതല്ലെങ്കിലും അവിടുന്ന് പഠിപ്പിച്ചതാകയാല്‍ കര്‍തൃപ്രാര്‍ത്ഥന-Lords prayer എന്നാണ് ഇത് അറിയപ്പെടുന്നത്. അതിലെ ഒരു ഭാഗം ഇങ്ങനെ: ''ഈശ്വരാ, അവിടുത്തെ രാജ്യം വരണം, അവിടുത്തെ ഹിതം സ്വര്‍ഗത്തിലെന്നതുപോലെ ഭൂമിയിലും ആകണം'' മനുഷ്യന്റെ ഹിതം ഈശ്വരന്റെ ഹിതത്തിന് കീഴ്‌പ്പെടണം. അപ്പോഴാണ് ഭൂമിയില്‍ ദൈവരാജ്യം പിറക്കുക. ദൈവഹിതമാണ് പ്രപഞ്ചത്തിന് പ്രകൃതി.

മതങ്ങള്‍ ഉപാധികള്‍ മാത്രം ആണെന്ന് ഗുരു തിരിച്ചറിഞ്ഞു. സെമിറ്റിക് മതങ്ങളില്‍ ചരിത്രത്തിന്റെ ഏകദിശോന്മുഖ പ്രയാണം, ഏകദൈവം, ദൈവം അയയ്ക്കുന്ന പ്രവാചകന്മാര്‍ എന്നതാണ് വിശ്വാസ സമ്പ്രദായത്തിന്റെ ചിത്രം. ഭാരതീയ മതങ്ങളില്‍ തൂണിലും തുരുമ്പിലും പുല്ലിലും പൂവിലും കാണുന്ന ഈശ്വരനെ മനുഷ്യന്‍ തിരിച്ചറിയണം എന്നതാണ് സാരാംശം. രണ്ടായാലും ഫലം സംസാരദുഃഖത്തില്‍ നിന്നുള്ള വിമോചനം തന്നെ ആണ്. അതുകൊണ്ട് മതം വ്യക്തിഗതമായ ഒരു സംഗതിയാണ് എന്ന് ഗുരു തിരിച്ചറിഞ്ഞു.

പ്‌ളൂറലിസ്റ്റുകളായ അസ്മാദൃശര്‍ ഒഴികെയുള്ള ക്രിസ്ത്യാനികള്‍ മോഹിക്കുന്നത് മാലോകരെല്ലാം ക്രിസ്ത്യാനികളാകണം എന്നാണ്. ഇത് സംഖ്യ വര്‍ദ്ധിപ്പിക്കാനല്ല. അനുഭവിക്കുന്ന സന്തോഷം സാര്‍വത്രികം ആകാനാണ് (ഈ പ്രാഥമിക സത്യം അറിയാത്തവരും രംഗത്തുണ്ട്. അത് വേറെ വിഷയം!). യഹൂദന്മാര്‍ മതം മാറ്റുന്നില്ല. അവര്‍ക്ക് വംശവിശുദ്ധി പ്രധാനമാണ്. എന്നാല്‍ ഇതര ജാതികള്‍ യഹൂദവേദം സ്വീകരിച്ച് 'യഹൂദമതാനുസാരി' എന്ന 'രണ്ടാംതരം' യഹൂദനായാല്‍ അവര്‍ക്കും സന്തോഷം ആയിരുന്നു. മുസ്ലിമുകളുടെ കാര്യം പറയാനില്ല. ഹിന്ദുക്കള്‍ക്കും സായിപ്പ് ഹിന്ദു ആയി എന്നറിയുമ്പോള്‍ ഉത്സാഹം തന്നെ. റഷ്യയിലെ കുറെ സായിപ്പുമാര്‍ ഹിന്ദുക്കളായി, അവര്‍ ശബരിമലയില്‍ വരുന്നു എന്ന് കേള്‍ക്കുമ്പോള്‍ ഹിന്ദുക്കള്‍ക്കും മുഷിയുന്നില്ല. അതായത്, ഓരോ മതവും പ്രത്യക്ഷമായോ പരോക്ഷമായോ അവകാശപ്പെടുന്നത് സത്യം തങ്ങളുടെ കൈവശമാണെന്നും അത് ഒരുകാലത്ത് എല്ലാവരും ഗ്രഹിക്കുമെന്നും തന്നെ ആണ്. എന്നാല്‍ ഗുരുദേവന്‍ പറഞ്ഞതോ?

പൊരുതുജയിപ്പതസാദ്ധ്യമൊന്നിനോടൊ-
ന്നൊരു മതവും പൊരുതാലൊടുങ്ങുവീല
പരമതവാദിയിതോര്‍ത്തിടാതെ പാഴേ
പൊരുതുപൊലിഞ്ഞിടുമെന്ന ബുദ്ധിവേണം.

ഇങ്ങനെ ഒരു പ്രായോഗിക വിവേകം ഇത്ര ലളിതമായി മറ്റേതെങ്കിലും ഗുരു പറഞ്ഞിട്ടുണ്ടെന്ന് തോന്നുന്നില്ല.

അതുകൊണ്ടാണ് മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന് ഗുരു കല്പിച്ചത്. ഈ വാക്യം സന്ദര്‍ഭത്തില്‍ കൃത്യമായി പുനഃപ്രതിഷ്ഠിച്ചാല്‍ മാത്രമേ ഗുരുമനസ് തെളിയുകയുള്ളൂ. അപ്പോള്‍ മതമേതായാലും മനുഷ്യന്‍ നന്നാകണം എന്നാണ് ഗുരുകല്പന എന്ന് തെളിയും. മതം അപ്രധാനമാണെന്നല്ല ഗുരു പറഞ്ഞതിനര്‍ത്ഥം. മതം പ്രധാനം തന്നെയാണ് മനുഷ്യന്. എന്നാല്‍ മതത്തിന്റെ ലക്ഷ്യം മനുഷ്യന്റെ നന്മയാണ്. അതുകൊണ്ട് മതം ഏതാണ് എന്നതിനെക്കാള്‍ പ്രധാനം മനുഷ്യന്‍ നന്നാകണം എന്നതാണ്.

നടരാജഗുരു തന്റെ ആധികാരിക ഗ്രന്ഥത്തില്‍ (ദ വേള്‍ഡ് ഒഫ് ദ ഗുരു, ദ ലൈഫ് ആന്‍ഡ് ടീച്ചിംഗ് ഒഫ് ഗുരുനാരായണ) ഒരു ക്രിസ്ത്യാനി ഗുരുവിനെ കാണുന്ന ഭാഗം വിസ്തരിച്ചിട്ടുണ്ട്. അവിടെ ഗുരു പറഞ്ഞു നിറുത്തുന്നത് 'നാം എല്ലാവരും ഒന്നുതന്നെ' - വണ്‍ ആന്‍ഡ് ദ സെയിം - എന്നാണ്.

ഒരു സ്വകാര്യം കൂടെ പറഞ്ഞ് ഈ ലേഖനം ഉപസംഹരിക്കാം. എന്റെ ശവസംസ്കാരവേളയില്‍ പള്ളിക്കാരുടെ പ്രാര്‍ത്ഥനയ്‌ക്കൊപ്പം ദൈവമേ സച്ചിദാനന്ദ, ദൈവമേ ഭക്തവത്സല, ദൈവമേ നിന്റെ സായൂജ്യം, പരേതാത്മാവിനേകണേ'' എന്ന് തുടങ്ങുന്ന ഗുരുദേവ കൃതിയും ഗുരുദേവന്‍ രചിച്ച യാത്രാമൊഴിയും സ്ഫുടമായി ആലപിക്കണമെന്ന് കവി മധുസൂദനന്‍ നായരെ പറഞ്ഞേല്പിച്ചിട്ടുണ്ട്. ജീവിതത്തെയും മരണത്തെയും മരണാനന്തരാവസ്ഥയെയും ഇത്ര ഭംഗിയായി അപഗ്രഥിച്ചിട്ടുള്ള മറ്റൊരു രചന ഞാന്‍ കണ്ടിട്ടില്ല. ചീഫ് ജസ്റ്റിസ് ശ്രീധരന്‍ - ഹിന്ദിയില്‍ ജഡ്ജിയെ ന്യായമൂര്‍ത്തി എന്ന് വിളിക്കും. ശ്രീധരനെ ഞാന്‍ വിനയമൂര്‍ത്തി എന്ന് വിളിക്കും - ആ രചനകള്‍ (മോക്ഷപ്രാര്‍ത്ഥനകള്‍, ഗുരുപ്രസാദം പബ്‌ളിക്കേഷന്‍സ്) എനിക്ക് സമ്മാനിച്ചപ്പോഴാണ് ശ്രീനാരായണന്‍ എന്റെ സഭയിലെ അംഗമാണ് എന്ന് എനിക്ക് ഒടുവിലായി ബോദ്ധ്യപ്പെട്ടത്. പാലിക്കുന്നില്ലെങ്കിലും ഞങ്ങള്‍ ഈ ലോകത്തെയും ലോകബന്ധങ്ങളെയും കുറിച്ച് പഠിപ്പിക്കുന്നതാണ് ഗുരുവും കുറിച്ചിട്ടുള്ളത്. ആ വരികള്‍ എനിക്കൊപ്പം ഉച്ചഭക്ഷണം കഴിക്കുന്ന കാക്ക, ചിത്തിരപ്പക്ഷി, പ്രാവ്, അണ്ണാന്‍, അത്താഴം കഴിക്കാന്‍ നിത്യവും വരുന്ന പൂച്ച എന്നിവരെയൊക്കെ കൂടപ്പിറപ്പുകളായി തിരിച്ചറിയാന്‍ എന്നെ സഹായിക്കുന്നു. അസീസിയിലെ ഫ്രാന്‍സിസ് വെറും ;പിരാന്തന്‍' ആയിരുന്നില്ല എന്ന് തിരിച്ചറിയാന്‍ ഗുരുവരുള്‍ വെളിച്ചം പകരുന്നു .

ബൈബിള്‍ പഴയ നിയമത്തില്‍ ദാനിയേല്‍ - ലോകത്തില്‍ ആദ്യമായി സിവില്‍ സര്‍വീസില്‍ എത്തിയ ജ്ഞാനി - പറയുന്നുണ്ട്; ബുദ്ധിമാന്‍മാര്‍ ആകാശമണ്ഡലത്തിന്റെ പ്രഭ പോലെയും പലരെയും നീതിയിലേക്ക് തിരിക്കുന്നവര്‍ നക്ഷത്രങ്ങളെപ്പോലെയും എന്നും എന്നേക്കും പ്രകാശിക്കും.'' ശ്രീനാരായണഗുരുദേവനെക്കുറിച്ച് മൂവായിരം സംവത്സരങ്ങള്‍ക്കപ്പുറം പ്രവചിക്കുകയായിരുന്നു ദാനിയേല്‍ എന്ന് ഞാന്‍ വിചാരിക്കുന്നു.

* പാണിനീയ പ്രദ്യോതകാരന്‍ ഐ.സി. ചാക്കോ രചിച്ച ക്രിസ്തുസഹസ്രനാമത്തില്‍ നിന്ന് അമേയം = അളവില്ലാത്തത്, അനഘം = പാപരഹിതം; അമോഘം = വിലയേറിയത്, സഫലം. 

Credits to joychenputhukulam.com