പ്രത്യേക ശ്രദ്ധയ്ക്ക്

എന്തുകൊണ്ട് ഞാൻ വിമർശന ദർശിയായ ക്രിസ്ത്യൻ?

ജോസഫ് പടന്നമാക്കല്‍ 2018-02-13 04:33:33am

എന്തുകൊണ്ട് ഞാനൊരു ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ എന്ന ചോദ്യം ചർച്ചാവിഷയമായി 'ഇ-മലയാളി' അവതരിപ്പിച്ചപ്പോൾ ഞാൻ ആരെന്ന് ഒരു നിമിഷം എന്നെപ്പറ്റി ചിന്തിച്ചുപോയി! ഈ ലേഖനം എഴുതുമ്പോഴും ശരിയായ ഒരു ഉത്തരം കണ്ടുപിടിക്കാൻ സാധിക്കുന്നില്ല. ഞാനൊരു ക്രിസ്ത്യാനിയെന്നു പറഞ്ഞാൽ എന്റെ ലേഖനം വായിക്കുന്നവർ പലരും അനുകൂലിച്ചെന്നു വരില്ല. പള്ളിയും പട്ടക്കാരും അവരോടു അടുത്തിരിക്കുന്നവരും ക്രിസ്തുവിനെ വിലയ്ക്കു മേടിച്ചിരിക്കുകയാണ്. നസ്രത്തിൽ പിറന്ന ക്രിസ്തുവിനെ പണ്ടേ അവർ പള്ളിയിൽനിന്ന് പുറത്താക്കി കഴിഞ്ഞിരുന്നു. യഥാർഥ ക്രിസ്തുവില്ലാത്ത ബലിപീഠങ്ങൾ കൈകാര്യം ചെയ്യുന്നത് ക്രിസ്തുവാണെന്നു പറഞ്ഞു സ്വയം പ്രഖ്യാപിതരായ പുരോഹിത ലോകമാണ്. ക്രിസ്തുവെന്ന ദിവ്യനായ ആചാര്യൻ ഒരിക്കലും പൗരാഹിത്യത്തെ അംഗീകരിച്ചിട്ടുണ്ടായിരുന്നില്ല.

ഓർമ്മയായപ്പോൾ മുതൽ ഞാനൊരു കത്തോലിക്കനായ ക്രിസ്ത്യാനിയായിരുന്നു. എന്റെ മാതാപിതാക്കളും മുത്തച്ഛന്മാരും അവർക്കു മുമ്പുണ്ടായിരുന്നവരും ക്രിസ്ത്യാനികളായി അറിയപ്പെട്ടിരുന്നു. പൂർവിക പിതാക്കന്മാരിൽ ആരെങ്കിലും നമ്പൂതിരിയാണെന്നോ തോമ്മാശ്ലീഹായിൽ ജ്ഞാനസ്നാനം ചെയ്തെന്നോ ചരിത്ര രേഖകളിലൊന്നിലും കാണുന്നില്ല. കോട്ടയത്തിനു കിഴക്ക് കാഞ്ഞിരപ്പള്ളിയെന്ന ഗ്രാമത്തിൽ കൂടുതലും നസ്രാണികളുള്ള പ്രദേശത്തായിരുന്നു വളർന്നതും പ്രാഥമിക വിദ്യാഭ്യാസം നടത്തിയതും. അന്നത്തെ ആചാരമനുസരിച്ച് ജനിച്ച ഏഴാം ദിവസം എന്നെ പള്ളിയിൽ മാമ്മോദീസ മുക്കിയതായി രേഖയുണ്ട്. അമേരിക്കയിൽ വരുന്നതിനുള്ള വിസായ്ക്കായി എനിക്ക് മാമ്മോദീസ സർട്ടിഫിക്കേറ്റ് ഹാജരാക്കണമായിരുന്നു. ഔദ്യോഗികമായി ക്രിസ്ത്യാനിയാണെന്ന ഏറ്റവും വലിയ തെളിവ് എന്റെ മാമ്മോദീസ സർട്ടിഫിക്കറ്റ് തന്നെയാണ്. ഏഴാം വയസിൽ ആദ്യകുർബാന കൈകൊണ്ടപ്പോഴും പത്താം വയസിൽ മാത്യു കാവുകാട്ട് ബിഷപ്പിൽനിന്ന് സ്ഥൈര്യലേപനം ലഭിച്ചപ്പോഴും ആധികാരയുക്തമായ എന്നിലെ ക്രിസ്തീയതയ്ക്ക് അംഗീകാരം ലഭിക്കുകയായിരുന്നു. മാതാപിതാക്കളുടെ ഇഷ്ടത്തിന് വഴങ്ങിയും പള്ളിയുടെ കൂദാശകൾ സ്വീകരിച്ചുകൊണ്ടും എന്റെ വിവാഹവും നടന്നു. ഈ ആചാരങ്ങളെല്ലാം എന്നിലെ ക്രിസ്തീയത്വം ദൃഢമാക്കുകയായിരുന്നു.

ആദ്യകുർബാന സമയത്ത് സുന്ദരിയായ ഒരു കന്യാസ്ത്രി ഒരു വെന്തിങ്ങ എന്റെ കഴുത്തിൽ അണിയിച്ചുകൊണ്ടു പറഞ്ഞതും ഓർക്കുന്നു "എടാ ചെറുക്കാ! ഇത് ഉത്തരീയ ഭക്തിയുടെ അടയാളമാണ്. കത്തോലിക്കരെല്ലാം വെന്തിങ്ങ ധരിക്കണമെന്നു സഭയുടെ നിയമമാണ്. നീ എന്നും മാതാവിനോടു ഉത്തരീയ ഭക്തിയുള്ളവനായിരിക്കണമെന്നും" പറഞ്ഞു. അന്നൊക്കെ ഭക്തിയെന്നും ഉത്തരീയമെന്നും പറഞ്ഞാൽ എനിക്ക് മനസിലാകില്ലായിരുന്നു. അങ്ങനെ ബാല്യകാലത്തിൽ വെന്തിങ്ങാ കഴുത്തിൽ ധരിച്ചു നടന്നതായും ഓർമ്മയുണ്ട്. 'വെന്തിങ്ങാ'യെപ്പറ്റിയും 'വെന്തിങ്ങാ ഭക്തി'യുടെ പ്രാധാന്യത്തെപ്പറ്റിയും ഒരു മിനിറ്റുളള പ്രസംഗം കാണാപാഠം പഠിച്ച് അദ്ധ്യാപകരുടെ മുമ്പിലും കുട്ടികളുടെ മുമ്പിലും അവതരിപ്പിച്ചിട്ടുണ്ട്. വെടിയുണ്ടകൾ പോലും വെന്തിങ്ങയിൽ തട്ടി തെറിച്ചുപോയ കഥ വണക്കമാസത്തിൽ വായിക്കുമ്പോൾ ഞാൻ ആവേശഭരിതനായിരുന്നു. ഒരിക്കൽ ഒരു പെരുന്നാളുദിവസം എന്റെ സ്വർണ്ണമാല കള്ളൻ തട്ടിപറിച്ചുകൊണ്ടു പോയപ്പോഴും വെന്തിങ്ങ സുരക്ഷിതമായി കഴുത്തിലുണ്ടായിരുന്നു. മാലയ്ക്കുപകരം അന്ന് വെന്തിങ്ങ കഴുത്തിൽനിന്ന് നഷ്ടപ്പെട്ടിരുന്നെങ്കിൽ ഒരുപക്ഷെ ഞാൻ കൂടുതൽ ദുഃഖിതനാകുമായിരുന്നു.

ഒരു ക്രിസ്ത്യാനിയെന്ന നിലയിൽ ആചാരങ്ങൾ പലതും അനുഷ്ഠിക്കേണ്ടതായുണ്ട്. ഞായറാഴ്ചകളിൽ പള്ളിയിൽ പോവണം. വരുമാനത്തിന്റെ പത്തുശതമാനം പള്ളിക്കു കൊടുക്കണം. കുർബാന കാണുകയും പാപപൊറുതിക്കായി കൂടെക്കൂടെ കുമ്പസാരിക്കുകയും കുർബാന കൈക്കൊള്ളുകയും വേണം. ബാല്യം മുതലേ കുമ്പസാരിക്കാനും കുർബാന കൈക്കൊള്ളാനും ഞാൻ മടിയനായിരുന്നു. മാതാപിതാക്കളിൽ 'അമ്മ'  ഭക്തികാര്യങ്ങളിൽ വളരെ കർശനക്കാരിയായിരുന്നു. എന്റെ പിതാവിന് പട്ടക്കാരോടും പള്ളിയോടും വിശ്വസമില്ലായിരുന്നതിനാൽ സ്വതന്ത്രമായ ഒരു ജീവിതം നയിക്കാൻ എനിക്ക് സാധിച്ചിരുന്നു. എങ്കിലും കത്തോലിക്കനെന്നുള്ള അഭിമാനം എനിക്കും കുടുംബത്തിലുള്ള മറ്റെല്ലാവർക്കും ഒരുപോലെയുണ്ടായിരുന്നു.

പ്രൈമറി-മിഡിൽ സ്‌കൂൾ വിദ്യാഭ്യാസം കാഞ്ഞിരപ്പള്ളി പള്ളിവക കത്തോലിക്കാ സ്‌കൂളിലായിരുന്നതുകൊണ്ടു ഭൂരിഭാഗം കുട്ടികളും കത്തോലിക്കാ ഭവനത്തിൽനിന്നുമുള്ളവരായിരുന്നു. എന്നിലെ മത യാഥാസ്തികതയും ഒപ്പം വളർന്നുകൊണ്ടിരുന്നു. സ്‌കൂളിൽ മറ്റു വിഷയങ്ങളോടൊപ്പം ഒരു പീരിയഡ് വേദപാഠം പഠിപ്പിക്കുമായിരുന്നു. അന്നൊക്കെ ക്രിസ്തുവിനെ കുരിശിൽ തറയ്ക്കുന്ന കഥകളൊക്കെ അദ്ധ്യാപകൻ വിവരിക്കുമ്പോൾ കണ്ണുനിറയുന്നതും ഓർമ്മിക്കുന്നു. അക്കാലത്ത് എല്ലാ ഹിന്ദുക്കുട്ടികളുടെയും രണ്ടു കാതിലും കടുക്കനുണ്ടായിരുന്നു. വേഷവിധാനങ്ങളിൽക്കൂടി ക്രിസ്ത്യാനിയും മുസ്ലിമും ഹിന്ദുവും തമ്മിൽ തിരിച്ചറിയാൻ സാധിക്കുമായിരുന്നു. സാരികൾ വിരളമായിരുന്ന കാലവും. ക്രിസ്ത്യൻ സ്ത്രീകൾ ഭൂരിഭാഗം പേരും ചട്ടയും മുണ്ടും ധരിച്ചിരുന്നു.

അക്കാലത്ത് ഒരു കുരുത്തക്കേട് കാണിച്ചതുകൊണ്ടു പള്ളി വികാരിയും അന്നത്തെ കുഞ്ഞാടായ പ്രഥമാധ്യാപകനും ഒത്തുചേർന്ന് എന്നെ സ്‌കൂളിൽ നിന്ന് പുറത്താക്കി. എന്റെ പ്രായം അന്നു പതിനൊന്ന്. ഒരു പക്ഷെ പള്ളിയിലെ പുരോഹിതരോടുള്ള ബഹുമാനം എനിക്ക് നഷ്ടപ്പെട്ടതിന്റെ തുടക്കവും ഇവിടെനിന്നാകാം. പിന്നീടുള്ള കാലങ്ങളിൽ എനിക്ക് പള്ളിയിൽ പോക്കോ കുമ്പസാരമോ കുർബാന സ്വീകരിക്കുന്ന പതിവോ ഉണ്ടായിരുന്നില്ല. കത്തോലിക്കാ സ്‌കൂളിൽനിന്നു പുറത്താക്കിയശേഷം ദിവസം രണ്ടര മൈൽ നടന്നു സർക്കാർ സ്‌കൂളിൽ പഠിക്കേണ്ടി വന്നു.  ഞങ്ങളുടെ കുടുംബം വാഴൂർക്ക് താമസം മാറ്റിയതുകാരണം നായന്മാരുടെ വക സ്‌കൂളിൽ പഠിക്കാനും തുടങ്ങി. ഇതിനോടകം പള്ളിയും പട്ടക്കാരനുമില്ലാത്ത ഒരു ക്രിസ്ത്യാനിയായും മനസിനെ പൊരുത്തപ്പെടുത്തിയിരുന്നു. ആരും എന്നെ ചോദ്യം ചെയ്യാനും വന്നിരുന്നില്ല. പിന്നീട് ഏകദേശം രണ്ടു പതിറ്റാണ്ടിനു ശേഷം വിവാഹ സമയത്ത് കുമ്പസാരിച്ചു കുർബാന കൈകൊണ്ട് കത്തോലിക്കനെന്നു തെളിയിച്ചു.

എന്റെ വിദ്യാഭ്യാസം പുരോഹിതർ നിയന്ത്രിക്കുന്ന കത്തോലിക്ക സ്ക്കൂളിൽ തുടർന്നിരുന്നെങ്കിൽ ഒരു പക്ഷെ ഞാനൊരു തികഞ്ഞ യാഥാസ്ഥിതികനായി മാറുമായിരുന്നു. ഹൈന്ദവ സ്‌കൂളിൽ പഠിക്കുന്ന കാലത്തായിരുന്നു ഹൈന്ദവരോട് എനിക്ക് കൂടുതൽ സ്നേഹവും ബഹുമാനവും വന്നത്. ഞാൻ ഒരു ഹിന്ദുവും കൂടിയാണെന്നുള്ള തോന്നലുമുണ്ടായി. ഹിന്ദു അദ്ധ്യാപകർ ഒരിക്കലും മറ്റു മതങ്ങളെ താഴ്ത്തിക്കെട്ടി സംസാരിക്കുന്നത് കേട്ടിട്ടില്ല. ക്രിസ്തുവിനെ വളരെ ആദരവോടെ മാത്രമേ അവർ കണ്ടിരുന്നുള്ളൂ. ചെറുപുഴകൾ പല വഴികളിലായി മഹാസമുദ്രത്തിൽ ലയിക്കുന്നപോലെ എല്ലാ മതങ്ങളും സഞ്ചരിക്കുന്നത് ഒരേ സൃഷ്ടാവിന്റെ സന്നിധാനത്തിലേക്കെന്നുള്ള തത്ത്വമാണ് ഹിന്ദുമതത്തിനുള്ളത്. വേദങ്ങളും ഉപനിഷത്തുക്കളും ഇന്ത്യയുടെ പൗരാണിക സംസ്ക്കാരത്തിന്റെ ഭാഗങ്ങളാണ്. ഹിന്ദുമതം ഒരു മതമല്ല, ഒരു സംസ്‌ക്കാരമാണ്. സിന്ധു നദി തടത്തിൽ തഴച്ചുവളർന്ന വേദ സംസ്ക്കാരമായ ഹിന്ദുമതത്തിന് ക്രിസ്തീയ സംസ്ക്കാരത്തെയും ഉൾക്കൊള്ളാൻ സാധിച്ചുവെന്നത് ആ മതത്തിന്റെ പവിത്രതയെ മഹത്വപ്പെടുത്തുന്നു.

അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റിയിൽ പഠിച്ചിരുന്ന കാലത്തു ഇസ്‌ലാം മതത്തെ അടുത്തറിയാനും കാരണമായി. വലിയൊരു പരന്ന പാത്രത്തിൽ ചുറ്റിനുമിരുന്ന് സഹോദരരെപ്പോലെ അവർ ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുന്ന സമയങ്ങളിൽ എന്നെയും ക്ഷണിക്കുമായിരുന്നു. മുസ്ലിമും ക്രിസ്ത്യാനിയുമെന്ന വ്യത്യാസം ഒരിക്കലും പ്രകടിപ്പിച്ചിരുന്നില്ല. യാഥാസ്ഥിതികരായ മുസ്ലിമുകൾ എന്റെ മതം ചോദിക്കുന്ന സമയങ്ങളിലെല്ലാം 'നീ എന്റെ സഹോദരനെന്നു' പറയുന്നതും ഓർക്കുന്നു. ഇസ്ലാം മതവും ക്രിസ്ത്യൻ മതവും പരസ്പ്പരം സാമ്യങ്ങളുള്ള മതങ്ങളാണ്. രണ്ടു മതക്കാരും ഒരേ ദൈവത്തെ ആരാധിക്കുകയും ഒരേ ദൈവത്തിന്റെ മക്കളെന്നു വിശ്വസിക്കുകയും ചെയ്യുന്നു. നോവ, എബ്രാഹം, മോസസ്, ദാവീദ്, ജോസഫ്, ജോൺ ബാപ്റ്റിസ്റ്റ് എന്നീ പ്രവാചകർ ഇസ്‌ലാമിന്റെ വിശ്വാസത്തിലുമുണ്ട്. പ്രവാചകൻ മുഹമ്മദിനെപ്പോലെ യേശുവിനും തുല്യമായ സ്ഥാനം മുസ്ലിമുകൾ കല്പിച്ചിരിക്കുന്നു. ബൈബിളും ഇസ്‌ലാമിന്റെ വിശുദ്ധ ഗ്രന്ഥങ്ങളിൽ ഒന്നാണ്. മുസ്ലിമുകളും ക്രിസ്ത്യാനികളും ഒരുപോലെ മേരി കന്യകയായിരുന്നുവെന്നും യേശുവിനെ മേരി ദിവ്യഗർഭം ധരിച്ചുവെന്നും യേശു അത്ഭുതങ്ങൾ കാണിച്ചിരുന്നുവെന്നും വിശ്വസിക്കുന്നു. യേശു വാഗ്ദാനം ചെയ്ത രക്ഷകനായിരുന്നുവെന്നും അന്ത്യനാളിൽ യേശു വീണ്ടും വരുമെന്നും ഇരുമതങ്ങളും വിശ്വസിക്കുന്നു. ലോകാവസാനത്തിൽ തിന്മയുടെ പ്രതീകമായ അന്തി ക്രിസ്തുവിലും ഇസ്‌ലാമികൾ വിശ്വസിക്കുന്നുണ്ട്. ഭൂമിയിൽ ജീവിച്ചതനുസരിച്ച് തിന്മ ചെയ്യുന്നവർക്ക് നരകവും നന്മ ചെയ്യുന്നവർക്ക് സ്വർഗ്ഗവും ഇസ്‌ലാമിലുമുണ്ട്.

സ്‌കൂളിൽ പഠിക്കുന്ന കാലത്ത് ഞങ്ങളുടെ പുരയിടത്തിൽ താമസിച്ചിരുന്ന 'മറിയ' എന്ന് പേരുള്ള ഒരു ദളിത സ്ത്രീ മരണമടഞ്ഞു. അവർ നിത്യം പള്ളിയിൽ പോയിക്കൊണ്ടിരുന്ന ഒരു സാധു പുലയ  സ്ത്രീയായിരുന്നു. കൂലിവേല ചെയ്തുകൊണ്ട് ആറേഴു മക്കളെ വളർത്തിക്കൊണ്ടിരുന്നു. ലത്തീൻ പള്ളി ഇടവക അംഗമായിരുന്ന അവർക്ക് ആഴ്ചയിൽ ഒരു ദിവസത്തെ കൂലി പള്ളിക്ക് കൊടുക്കണമായിരുന്നു. അവരുടെ ഭർത്താവ് ദേവസ്യ പരസ്ത്രീയുമായി ബന്ധപ്പെട്ടിരുന്നുവെന്നും  പറഞ്ഞു ലത്തീൻപള്ളിയിലെ വികാരി മൃതദേഹം സെമിത്തേരിയിൽ അടക്കാൻ സമ്മതിക്കില്ലായിരുന്നു. എട്ടുദിവസം ദുർഗന്ധം വമിച്ചു അവരുടെ മൃതദേഹം ആ കുടിലിന്റെ മുമ്പിൽ കിടക്കുന്നതു ഇന്നും ഓർമ്മിക്കുന്നു. മനുഷ്യത്വം നശിച്ചുപോയ വികാരിയുടെ മുമ്പിൽ നാട്ടുകാർ ഒന്നടങ്കം കേണപേക്ഷിച്ചിട്ടും വികാരിയുടെ മനസ് തുറന്നില്ല. സെമിത്തേരിയിൽ മൃതദേഹം അടക്കാൻ അനുവദിച്ചില്ല. ഒടുവിൽ യാതൊരു ആചാരവുമില്ലാതെ ഞങ്ങളുടെ പറമ്പിനുള്ളിൽ മൃതദേഹം കുഴിച്ചിടുകയായിരുന്നു. യേശുവിന്റെ അനുയായികളെന്ന് സ്വയം പ്രഖ്യാപിച്ച പുരോഹിത വർഗങ്ങളിലും കരുണയുടെ സ്ഥാനത്ത് ക്രൂരതയുടെ മുഖങ്ങളുമുണ്ടെന്ന് വ്യക്തമായി എനിക്കന്നു മനസിലാക്കാൻ സാധിച്ചു. അന്നുമുതൽ പള്ളിയോടും പൗരാഹിത്യ വ്യവസ്ഥിതിയോടുമുള്ള വിശ്വാസം എനിക്ക് നഷ്ടപ്പെടുകയും ചെയ്തു.

ബൈബിൾ ഒരു സാഹിത്യ കൃതിയാണ്. അതിനുള്ളിലെ വാക്യങ്ങൾ ദൈവത്തിന്റെ അരുളപ്പാടെന്നു  പഠിപ്പിച്ചാൽ സാമാന്യ ബുദ്ധിയുള്ളവർക്ക് ദഹിക്കാൻ പ്രയാസമാണ്. ബൈബിളിൽ സുവിശേഷകർ എഴുതിയിരിക്കുന്ന പരസ്പര വിരുദ്ധങ്ങളായ വാക്യങ്ങൾ അപ്പാടെ ദൈവം അരുളിചെയ്തതെന്ന് വിശ്വസിച്ചാലെ പുരോഹിതന്റെ കണ്ണിലെ ക്രിസ്ത്യാനിയാവുള്ളൂ. യേശുവിന്റെ ജന്മസ്ഥലവും പൂർവിക തലമുറകളും വ്യത്യസ്തമായിട്ടാണ് സുവിശേഷകർ വിവരിച്ചിരിക്കുന്നത്. ഒരു സ്ത്രീയെ വിവാഹം ചെയ്‌താൽ അവർ കന്യകയല്ലെന്നറിഞ്ഞാൽ അവരെ കൊന്നുകളയണമെന്നാണ് പഴയ നിയമം നിയമാവര്‍ത്തന (Deuteronomy 22:13-21) പുസ്തകത്തിലുള്ളത്. അങ്ങനെ യുക്തിചിന്തകൾ ചൂണ്ടി കാണിക്കുന്നതിനെ മതം മുഴുവനായി വിലക്കിയിരിക്കുകയാണ്. തെറ്റു തെറ്റാണെന്നു സമ്മതിക്കാൻ മതം നടപ്പാക്കിയിരിക്കുന്ന നീതിബോധം അനുവദിക്കില്ല.

യേശു മാത്രം വഴിയും സത്യവുമെന്ന് ബൈബിളും പറയുന്നു. എന്നാൽ ഒരു ഹിന്ദുവിന് മുഹമ്മദിനെയും യേശുവിനെയും വിശ്വസിച്ചാലും ഹിന്ദുവാകാൻ സാധിക്കും. ബൈബിളനുസരിച്ച് ദൈവം ഈ പ്രപഞ്ചത്തെയും ജീവജാലങ്ങളെയും ഏഴുദിവസം കൊണ്ട് സൃഷ്ടിച്ചുവെന്നാണ് ലിഖിതം ചെയ്തിരിക്കുന്നത്. പതിനായിരം വർഷങ്ങൾക്കു മുമ്പ് ഭൂമിയേയും പ്രപഞ്ചാദികളെയും ദൈവം സൃഷ്ടിച്ചു. എന്നാൽ മുകളിൽ പറഞ്ഞ ദിവസത്തിന് 24 മണിക്കൂറായിരുന്നില്ല. ഒരുപക്ഷേ ആയിരങ്ങളോ മില്ലിയനുകളോ വർഷങ്ങളെ ഒരു വർഷമായി ഗണിക്കാമെന്ന് മതം വ്യാഖ്യാനിക്കുകയും ചെയ്യുന്നു.

ഒരു ക്രിസ്ത്യാനി ബൈബിളിലെ വചനങ്ങൾ അപ്പാടെ ദിവ്യമായി സ്വീകരിക്കണം. അതിലെഴുതിയിരിക്കുന്ന ഒരു വചനത്തെയും വിമർശിക്കാൻ പാടില്ല. എഴുതിയിരിക്കുന്ന വചനങ്ങൾ  ലക്ഷോപലക്ഷം ജനങ്ങളിൽനിന്ന് തലമുറകളായി കൈമാറിയതാണ്. ദൈവിക വാക്കുകളെന്നു പറയുന്ന വിശുദ്ധ ഗ്രന്ഥങ്ങൾ കാലത്തിനനുസരിച്ച് മാറ്റപ്പെട്ടതെന്നു വ്യക്തമായി മനസിലാക്കാനും സാധിക്കും. ഏതു നൂറ്റാണ്ടിലാണ് ബൈബിൾ എഴുതിയതെന്ന് ആർക്കും അറിഞ്ഞുകൂടാ. ഭാഷകൾ മറ്റൊരു ഭാഷയിലേക്ക് തർജ്ജിമ ചെയ്യുമ്പോൾ അനുയോജ്യമായ സാഹിത്യ പദങ്ങൾ കണ്ടെന്നു വരില്ല. അതുമൂലം ആശയങ്ങൾക്കു തന്നെ വ്യത്യാസങ്ങളും വരാം. ഓരോ ജനതയുടെയും സാംസ്ക്കാരിക ചിന്തകളുടെ മാറ്റങ്ങളനുസരിച്ചും ബൈബിൾ തർജ്ജിമ ചെയ്യുന്നു. അതുപോലെ രാജ്യത്തിന്റെ രാഷ്ട്രീയവും സാമൂഹികവുമായ ചിന്തകൾ തർജ്ജിമ ചെയ്യുന്നവരുടെ മനസ്സിൽ നിഴലിച്ചിരിക്കുന്നതും കാണാം. ആദ്യ പിതാക്കന്മാർ എഴുതിയ ബൈബിൾ തന്നെയാണോ നാം പാരായണം ചെയ്യുന്ന ബൈബിളെന്നതിലും വ്യക്തതയില്ല. വിശുദ്ധ പോളിനുണ്ടായ സ്വപ്നമാണ് പുതിയ നിയമത്തിലെ പോളിന്റെ സുവിശേഷങ്ങൾക്ക്  കാരണമായത്. ഒരുവൻ ഉറക്കത്തിൽ സ്വപ്നം കണ്ടാൽ ഉണർന്നു കഴിഞ്ഞശേഷം അതുപോലെ പകർത്താൻ ആർക്കെങ്കിലും സാധിക്കുമോ? പിന്നെയും ചോദ്യം വരുന്നു, ഈ സ്വപ്നം  വാസ്തവത്തിൽ ദൈവത്തിങ്കൽ നിന്നായിരുന്നുവോ? അതോ ദൈവത്തിങ്കൽ നിന്നായിരുന്നുവെന്ന് കഥയുണ്ടാക്കിയതോ? ഇത് പോളിനുണ്ടായ ഒരു മാനസിക വിഭ്രാന്തിയോ? ഏതോ നൂറ്റാണ്ടിൽ നടന്ന സുവിശേഷത്തിലെ പോളിനു കിട്ടിയ ദൈവത്തിന്റെ അശരീരി നൂറായിരം ജനങ്ങളിൽ കൈമറിഞ്ഞ ശേഷം നമ്മളോട് വിശുദ്ധ ഗ്രന്ഥം തുറന്നുകൊണ്ടു പുരോഹിതൻ പറയുന്നു, 'വിശ്വസിക്കുവിൻ, വിശ്വസിച്ചാൽ സ്വർഗം, അല്ലെങ്കിൽ നരകം!'

ബൈബിളിൽ നിന്ന് വചനമെടുത്തു വായിച്ചശേഷം പുരോഹിതൻ ആവർത്തിച്ചാൽ അതെങ്ങനെ സത്യമാകുന്നു. നാം അതെല്ലാം ശരിയെന്നു വിശ്വസിക്കണം. മറ്റുള്ളവർ പറയുന്നത് കേൾക്കാതെ സ്വയം യുക്തിപൂർവം ചിന്തിക്കുന്നതല്ലേ നല്ലത്? വിശ്വസിക്കുന്നവരുടെ ചിന്തിക്കാനുള്ള കഴിവുകൾ നശിപ്പിച്ചുവെങ്കിൽ മാത്രമേ പള്ളിക്കും പുരോഹിതർക്കും വിശ്വാസികളെ സാമ്പത്തികമായി ചൂഷണം ചെയ്യാൻ സാധിക്കുള്ളൂ. ചിലർ പറയും, വിശുദ്ധഗ്രന്ഥങ്ങൾ ശാസ്ത്രം അംഗീകരിച്ചിട്ടുണ്ട്. അതുകൊണ്ടു വിശുദ്ധ ഗ്രന്ഥവും സത്യമായിരിക്കും. എന്നാൽ ശാസ്ത്രം എക്കാലവും ശരിയായിരിക്കണമെന്നില്ല. പുതിയവ കണ്ടുപിടിക്കുമ്പോൾ പഴയതിനെ ശാസ്ത്രത്തിൽനിന്നും നീക്കം ചെയ്യാറുണ്ട്. ശാസ്ത്രീയ തത്ത്വങ്ങളും വസ്തുതകളും പിന്നീട് തെറ്റാണെന്നും തെളിയിച്ചിട്ടുണ്ട്. കൂടാതെ നൂറായിരം കാര്യങ്ങൾ ശാസ്ത്രത്തിന് മനസിലാകുന്നില്ലെന്നും വെളിപ്പെടുത്തിയിട്ടുണ്ട്. ശാസ്ത്രം ഒന്നിനും അതിന്റെ അവസാനത്തെ തീർപ്പല്ല.

ക്രിസ്തുമതത്തെ ക്രിസ്തുപോലും സങ്കൽപ്പത്തിൽ കാണാഞ്ഞ അന്ധവിശ്വാസങ്ങൾ കൊണ്ട് നിറച്ചിരിക്കുന്നു. ക്രിസ്തുവിന്റെ പീഡാനുഭവങ്ങളും ക്രിസ്തുവിന്റെ കഷ്ടപ്പാടുകളും നിരത്തി വെച്ചുകൊണ്ട് കുരിശുരൂപത്തിന്റെ മുമ്പിൽ കരയാനാണ് സഭ പഠിപ്പിക്കുന്നത്. ക്രിസ്ത്യൻ കലകളെല്ലാം കുരിശിന്റെ വഴിയേ അനുസ്മരിക്കുന്ന രൂപങ്ങളായി കൊത്തിവെച്ചിരിക്കുന്നു. കുരിശുമരണത്തിനുമുമ്പിൽ കണ്ണീർ വാർക്കാനും വിലപിക്കാനും പഠിപ്പിക്കും. ക്രൂശിതനായ ക്രിസ്തുവിനെ സംബന്ധിച്ചുള്ള ദുഃഖകരമായ കഥകൾ ബാലമനസുകളിൽ അടിച്ചു കേറ്റും.  കോടാനുകോടി ജനങ്ങളാണ് ഇത്തരം വിശ്വാസങ്ങൾ പുലർത്തി വരുന്നത്. ബുദ്ധിജീവികളും ചിന്തിക്കുന്നവരും സഭയുടെ വിശ്വാസങ്ങളെ ചോദ്യം ചെയ്യാനും പാടില്ല.

1982-നു ശേഷം പ്രാർത്ഥനാ ഗ്രൂപ്പുകളും കരിഷ്മാറ്റിക്ക് ഗ്രുപ്പുകളും കേരളത്തിൽ കൂണുപോലെ പൊന്തിവന്നു. അതിനുശേഷം സീറോ മലബാർ സഭയുടെ രൂപവും ഭാവവും മൊത്തം ഉടച്ചു വാർക്കപ്പെട്ടു. മാനസിക വൈകല്യമുള്ളവരുടെ എണ്ണവും വർദ്ധിച്ചു. സീറോ മലബാർ പള്ളികളിൽ  കുർബാനയുടെ ദൈർഘ്യം ഇരുപതു മിനിറ്റിൽ നിന്ന് ഒന്നര മണിക്കൂറായി. അതിനിടെ പുരോഹിതരുടെ ബോറടിച്ച നീണ്ട പ്രസംഗവും. പള്ളി പൊളിച്ചുപണിയുന്ന കാര്യവും പിരിവിന്റെ കാര്യവും ഓർമ്മിപ്പിക്കും. സാധാരണക്കാരെ ഭീഷണിപ്പെടുത്തിക്കൊണ്ടും ഞെക്കിപ്പിഴിഞ്ഞുകൊണ്ടും പണവും പിരിക്കും. കരിഷ്മാറ്റിക്ക് ഗുരുക്കന്മാരുടെ തീവ്ര പ്രാർത്ഥനകളും രോഗസൗഖ്യങ്ങളും കേരളത്തിൽ പുരോഹിതരുടെ നിയന്ത്രണത്തിലുള്ള വലിയൊരു വ്യവസായമായി മാറിക്കഴിഞ്ഞു.

അമേരിക്കയിലെ ഒരു മെഡിക്കൽ ജേർണലിൽ  പ്രാർത്ഥനകളെപ്പറ്റി നടത്തിയ ഒരു ശാസ്ത്രീയ റിപ്പോർട്ടുണ്ട്. അവർ നടത്തിയ പഠനത്തിൽ പ്രാർത്ഥനകൾ കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നു  കണ്ടെത്തിയിരിക്കുന്നു. രോഗികളെ മൂന്നായി തരം തിരിച്ച് ഒരു കൂട്ടം രോഗികൾക്കുവേണ്ടി കഠിനമായി പ്രാർത്ഥിക്കുകയും അതേസമയം മറ്റൊരു കൂട്ടം രോഗികൾക്കായി പ്രാർത്ഥിക്കാതെയും ഇരുന്നു. മൂന്നാമതുള്ള ഒരു പ്രാർത്ഥനാക്കൂട്ടം രോഗികളറിയാതെ രോഗികൾക്കുവേണ്ടി രഹസ്യമായി പ്രാർത്ഥിച്ചു. എന്നാൽ രോഗികളായവർക്കുവേണ്ടി പ്രാർത്ഥിച്ചവരുടെ രോഗം മറ്റു രണ്ടു കൂട്ടരേക്കാളും വഷളായിരിക്കുന്നതാണ് കണ്ടത്. രണ്ടാമത്തെയും മൂന്നാമത്തെയും കൂട്ടർ രോഗികളിൽ യാതൊരു വ്യത്യാസവും കണ്ടില്ല. "നിനക്ക് പ്രാർത്ഥിണമെന്നുണ്ടെങ്കിൽ ധ്യാന നിരതനായി ഏകാന്തമായ മുറിയിൽ പ്രാർത്ഥിക്കാൻ" യേശു പറഞ്ഞിട്ടുണ്ട്. പ്രാർത്ഥനയുടെ പേരിൽ കരിഷ്മാറ്റിക്ക് പുരോഹിതരുടെ ചെണ്ടകൊട്ടും മേളങ്ങളും ഒരു സമൂഹത്തെ മൊത്തമായി ഭ്രാന്തൻ ലോകത്തിലേക്ക് നയിക്കുകയേയുള്ളൂ. .

പ്രാർത്ഥനകൾക്ക് ഫലം കണ്ടുവെന്ന് പലരും അവകാശപ്പെടുന്നുമുണ്ട്. ദൈവം അവരുടെ പ്രാർത്ഥന കേട്ടുവെന്നു വിശ്വസിക്കുകയും ചെയ്യുന്നു. ദൈവം അവരുടെ പ്രാർത്ഥന കേട്ടാൽ തന്നെയും ബൈബിളിലെ ദൈവമാണ് ആ പ്രാർത്ഥന കേട്ടതെന്നും നിശ്ചയമില്ല. സത്യമെന്തന്നാൽ ഈ പ്രപഞ്ചമെന്നു പറയുന്നത് അത്ഭുതങ്ങൾ നിറഞ്ഞതാണ്‌. കണികകളും പരമാണുകളും തന്മാത്രകളും വൈദ്യുത കാന്ത തരംഗങ്ങളും അതിന്റെ പ്രവർത്തനങ്ങളും ഉൾക്കൊണ്ടതാണ് ഈ പ്രപഞ്ചം. ഇതിലെ ജീവജാലങ്ങളും പ്രകൃതിയും ശാസ്ത്രത്തിനും അതീന്ദ്രങ്ങൾക്കും ഗ്രഹിക്കാൻ കഴിയുന്നതിനേക്കാൾ ബുദ്ധിവൈഭവമുള്ളതാണ്. ആൽബർട്ട് ഐൻസ്റ്റീൻ അതിനെ ദൈവമെന്നു വിളിച്ചു. അദ്ദേഹം കണ്ടത് യഹൂദന്റെ ദൈവമോ ക്രിസ്ത്യൻ ദൈവമോ ആയിരുന്നില്ല. ഈ പ്രപഞ്ചം അനന്തവും കലാപരമായി സൃഷ്ടിക്കപ്പെട്ടതുമാണ്. നാം വസിക്കുന്ന ഈ ഭൂമിയും നിഗൂഢാത്മകമായ സത്യങ്ങൾകൊണ്ട് കോർത്തിണക്കിയതാണ്. ചിലപ്പോൾ നമ്മുടെ ആഗ്രഹങ്ങളും പ്രാർത്ഥനകൾ വഴി പ്രതിഫലിച്ചേക്കാം. സഫലീകൃതമാകാം. അത് യാദൃശ്ചികമായി സംഭവിക്കുന്നതുമാണ്. ബൈബിളിലെ ദൈവമാണ് ആ പ്രാർത്ഥനകൾ കേൾക്കുന്നതെന്നുള്ള ന്യായികരണങ്ങളും നീതിയുക്തമല്ല. പാകതയില്ലാത്ത മനസാണ് അങ്ങനെ ചിന്തിക്കുന്നതിനു കാരണമാവുന്നത്.

ഞാൻ വളരെ ചെറുപ്പകാലം മുതൽ ഗാന്ധിയൻ ചിന്തകളിലും ഗാന്ധിജിയുടെ മതങ്ങളോടുള്ള മനോഭാവത്തിലും തൽപ്പരനായിരുന്നു. സ്വന്തം മതത്തെപ്പോലെ എല്ലാ മതങ്ങളെയും ഒരുപോലെ സ്നേഹിക്കണമെന്ന ചിന്തകളായിരുന്നു ഗാന്ധിജിക്കുണ്ടായിരുന്നത്. ഗാന്ധിജി പറഞ്ഞിരുന്നു; "ഞാനൊരു ക്രിസ്ത്യനീയാണ്, ഹിന്ദുവാണ്, മുസ്ലിമാണ്, യഹൂദനാണ്. നിന്ദിക്കുന്നവനേയും തോക്കും മുനകൾ നെഞ്ചത്തു നീട്ടുന്നവനെയും സ്നേഹിക്കാൻ പഠിക്കണം. ഹിന്ദുവും മുസ്ലിമും സാഹോദര്യത്തിൽ അധിഷ്ഠിതമായി നിലകൊള്ളുന്ന ഒന്നായ ജനതയാണ്. എനിക്ക് ക്രിസ്തുവിനെ ഇഷ്ടമാണ്, ക്രിസ്തുദേവന്റെ സന്ദേശങ്ങൾ എന്റെ ഹൃദയത്തിൽ ഉൾക്കൊള്ളുകയും ചെയ്യുന്നു; എന്നാൽ ക്രിസ്ത്യാനികളെ ഇഷ്ടമില്ല. എല്ലാ മതങ്ങളുടെയും അടിസ്ഥാനമായ ഭാരതം ഒന്നിച്ചുനിന്നാൽ ഒരു വിദേശ ശക്തിയും നമ്മുടെമേൽ മേധാവിത്വം പുലർത്തില്ല."

ക്രിസ്തുമതത്തെപ്പറ്റി കൂടുതൽ പഠിക്കും തോറും ഇത്തരം ചിന്തകൾ ചിന്താശക്തിയുള്ള ക്രിസ്ത്യാനികൾക്കും ഉണ്ടാകാവുന്നതാണ്. സഭയെ വിമർശിക്കാൻ പാടില്ലെന്നുളളതാണ് പരമ്പരാഗതമായി വിശ്വസിച്ചുവരുന്നത്. വിമർശിക്കുന്നവരുടെ നാവടക്കാൻ എല്ലാവിധ തരികിട ഗുണ്ടായിസങ്ങളും പുരോഹിതർ പ്രയോഗിക്കും. ബുദ്ധിജീവികളായ ജോസഫ് പുലിക്കുന്നേൽ, എം.പി.പോൾ, ജോസഫ് മുണ്ടശേരി എന്നിവരോട് സഭ ചെയ്ത ദ്രോഹം കാലത്തിനുപോലും പൊറുക്കാൻ സാധിക്കില്ല. എം.പി. പോളിനെ തെമ്മാടിക്കുഴിയിൽ അടക്കിയ ചരിത്രമാണ് സഭയ്ക്കുള്ളത്. അധർമ്മം പ്രവർത്തിക്കുന്നവരും കക്കുന്നവരും കൊലചെയ്യുന്നവരും ക്രിസ്ത്യാനികളാണ്. എന്നാൽ സഭയെ വിമർശിച്ചാൽ വിമർശിക്കുന്നവരുടെ നാവടപ്പിക്കാൻ  പൗരാഹിത്യ ലോകം അവർക്കെതിരെ സകല അടവുകളും പ്രയോഗിക്കും.

ശാസ്ത്രം എന്തുകണ്ടുപിടിച്ചാലും അതിന്റെ നേട്ടങ്ങളുമായി മതവും മുമ്പിലെത്തുക പതിവാണ്. ജനാൽപ്പഴുതുകളിൽക്കൂടി നോക്കുകയാണെങ്കിൽ ഈ പ്രപഞ്ചവും പ്രപഞ്ചത്തിലെ കണികകളുമെല്ലാം നമുക്ക് വിവരിക്കാൻ സാധിക്കും. നാം കാണുന്നതെല്ലാം സുപരിചിതവുമായിരിക്കാം. പലവിധത്തിൽ വ്യാഖ്യാനിക്കാം. മഴയും സ്നോയും പെയ്യുന്ന നാളുകളിൽ വഴികൾ ചെളിപിടിച്ചതെന്ന് വർണ്ണിച്ചേക്കാം. കുറച്ചു കഴിയുമ്പോൾ ഭൂമി വരണ്ടതാകും. മതവും അതിലെ അദ്ധ്യാത്മികതയും നാം വാതിലിനു പുറത്തുനോക്കുന്ന അതേ വൈകാരികതയിലാണ് ചഞ്ചലിക്കുന്നത്. പുറത്തേക്ക് നോക്കുമ്പോൾ  കാണപ്പെടാത്തതിനെ വിവരിക്കാൻ സാധിക്കില്ല. അതുപോലെ ഓരോ മതങ്ങളും ദൈവികത്വത്തെപ്പറ്റി അവരുടെ പരിമിതമായ അറിവിൽ നിന്ന് ഒരു ഭാഗം മാത്രം വിവരിക്കുന്നു. നാം ജനാലിൽക്കൂടി കണ്ടതിനെ വിവരിക്കുമ്പോൾ അവ്യക്തമായി നമുക്കു ലഭിച്ച അറിവുകൾ ശരിയെന്ന് മറ്റുള്ളവരിൽ സ്ഥാപിക്കാൻ ശ്രമിക്കും. അതുപോലെ ഓരോ മതത്തിന്റെയും ആത്മീയതയുടെ ഒരു വശം മാത്രം കാണുന്നുവെങ്കിൽ മറ്റുളള മതങ്ങളിലെ ആത്മീയ ചിന്തകൾ തെറ്റാണെന്നു വരുന്നില്ല. ഞാൻ തെറ്റാകണമെന്നില്ല, നിങ്ങളും തെറ്റാകണമെന്നില്ല. വ്യത്യസ്തങ്ങളായ സത്യങ്ങൾ നാം കാണുന്നുണ്ടെങ്കിലും ഞാനും നിങ്ങളും സത്യമാണെന്നു വിചാരിക്കണം. അതാണ് ഞാനെന്ന ക്രിസ്ത്യാനിയും, എന്റെ ക്രിസ്തീയതയും.


OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC