സാംസ്‌കാരിക വിശേഷങ്ങള്‍

മാര്‍ക്ക് ഭാരവാഹികള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

സണ്ണി കല്ലൂപ്പാറ 2018-02-14 05:17:00am

ന്യൂയോര്‍ക്ക്: മലയാളി അസോസിയേഷന്‍ ഓഫ് റോക്ക്‌ലാന്റ് കൗണ്ടി (മാര്‍ക്ക്) പ്രസിഡന്റ് ജോസ് അക്കക്കാട്ടിലും, സെക്രട്ടറി സന്തോഷ് വര്‍ഗീസ്, ട്രഷറര്‍ വിന്‍സണ്‍ ജോണ്‍ എന്നിവരും മറ്റു ഭാരവാഹികളും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും, പുതിയ കമ്മിറ്റിയുടെ പ്രവര്‍ത്തനോദ്ഘാടനവും കോങ്കേഴ്‌സിലുള്ള സാഫ്‌റോണ്‍ ഇന്ത്യ റെസ്റ്റോറന്റില്‍ നടന്നു.

ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍ ജേക്കബ് ചൂരവടിയുടെ അധ്യക്ഷതയില്‍ കൂടിയ ചടങ്ങില്‍ ഇലക്ഷന്‍ കമ്മീഷണറായി പ്രവര്‍ത്തിച്ച തോമസ് അലക്‌സ് സത്യവാചകം ചൊല്ലിക്കൊടുത്തു.

അമേരിക്കയിലും ഇന്ത്യയിലും മാര്‍ക്ക് നടത്തിവരുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുമെന്നു ജോസ് അക്കക്കാട്ടില്‍ തന്റെ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.

എലീന മാത്യുവിന്റെ പ്രാര്‍ത്ഥനാ ഗാനത്തോടെ ആരംഭിച്ച മീറ്റിംഗില്‍ സിയാനാ മാത്യുവും, ഈവ മേരി മാത്യുവും ചേര്‍ന്ന് അവതരിപ്പിച്ച നയന മനോഹരമായ ഡാന്‍സും, ജിയാ അക്കക്കാട്ടില്‍, എലീന മാത്യു എന്നിവരുടെ ഗാനങ്ങളും ചടങ്ങിനു മാറ്റുകൂട്ടി. ഡിന്നോറോടെ പരിപാടികള്‍ സമാപിച്ചു. ജിജോ ആന്റണി നന്ദി രേഖപ്പെടുത്തി.