സാംസ്‌കാരിക വിശേഷങ്ങള്‍

മലയാളി ഗവേഷണ വിദ്യാര്‍ത്ഥി നിജിന്‍ ജോണ്‍ കാനഡയില്‍ അപകടത്തില്‍ മരിച്ചു

പി. പി. ചെറിയാൻ 2018-02-14 09:34:20am

വാൻകോർ (കാനഡ) : വാൻകൂർ വാട്ടേഴ്സ് ഓഫ് ലോങ്ങ് ബീച്ചിൽ സർഫിങ്ങ് നടത്തുന്നതിനിടയിലുണ്ടായ അപകടത്തിൽ മലയാളിയും വിക്ടോറിയ യൂണിവേഴ്സിറ്റി ഗവേഷണ വിദ്യാർത്ഥിയുമായ നിജിൻ ജോൺ (24) മരിച്ചു.

ഫെബ്രുവരി 10 ശനിയാഴ്ച വൈകിട്ട് 3.30 നായിരുന്നു അപകടം. കൂട്ടുകാരുമൊത്തു സർഫിങ്ങ് പരിശീലനത്തിന് എത്തിയതായിരുന്നു നിജിൻ. തിരമാലകളിൽ ഉയർന്ന് പൊങ്ങിയ നിജിൻ വെള്ളത്തിൽ വീഴുകയായിരുന്നു. പരിശീലനത്തി നെത്തിയവർ നിജിനെ കരയിലേക്ക് എത്തിച്ചു.  പ്രാഥമിക ചികിത്സയും സിപിആറും നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൊല്ലം കരുനാഗപ്പള്ളി കോഴിക്കോട്ട് ചെന്നല ഡെയ്ൽ ജി. ജോൺ കുട്ടിയുടേയും  പൂനം മാത്യുവിന്റേയും ഏക മകനാണ് നിജിൻ ജോൺ. നിമ്മി എൽസ ജോൺ ഏക സഹോദരിയാണ്. കൊല്ലം കരുനാഗപ്പള്ളി  കോഴിക്കോട് സെന്റ് തോമസ് മാർത്തോമാ ഇടവകാംഗമാണ്.

ഒരു വർഷം മുൻപാണു നിജിൻ കേരളത്തിൽ നിന്നും ഉപരിപഠനാർത്ഥം കാനഡയിൽ എത്തിയത്. ഇന്ത്യാനാ പൊലീസ് സെന്റ് തോമസ് മാർത്തോമാ ഇടവക വികാരി റവ. ഫിലിപ്പ് ബേബി അച്ചൻ അറിയിച്ചതാണിത്. കേരളത്തിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. മൃതദേഹം ഇപ്പോഴും കാനഡയിൽ തന്നെയാണ്.

നിജിന്റെ സംസ്കാര ചടങ്ങുകൾക്കായി കേരള കൾച്ചറൽ അസോസിയേഷൻ ഓഫ് ബ്രിട്ടീഷ് കൊളംബിയ ട്രഷറർ വിവിൻ മാത്യു  Go Fund me Page  ഓപ്പൺ ചെയ്തിട്ടുണ്ട്. വിക്ടോറിയ യൂണിവേഴ്സിറ്റി നിജിന്റെ മരണത്തിൽ അനുശോചനം അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് : റവ. ഫിലിപ്പ് ബേബി – 317 900 2380